വലിയ നോമ്പ് അവസാനിക്കുന്നത് ഏപ്രില്‍ ഒമ്പതിന് ഉത്ഥാനപ്പെരുന്നാളിലാണ്. ഈ 50 നാളുകള്‍ക്കിടയിലെ ജീവിതത്തിന് വളരെ പ്രാധാന്യം കൽപിച്ച് വിശ്വാസിസമൂഹം കൂടുതല്‍ തീക്ഷ്ണതയോടെ ആത്മീയ ജീവിതത്തെ ക്രമപ്പെടുത്തുന്നു.
വിശുദ്ധ ഗ്രന്ഥം പരിചയപ്പെടുത്തിയിട്ടുള്ള, യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ഓരോ നാള്‍വഴികളിലെ ചര്യകളും വിശ്വാസസമൂഹം സുവിശേഷഭാഗങ്ങളിലൂടെ ഗ്രഹിക്കാന്‍ പരിശുദ്ധ സഭ തന്റെ മക്കളെ ഓർമപ്പെടുത്തുന്നു. നോമ്പില്‍ പ്രധാനമായും ആറു ഞായറാഴ്ചകളാണ്. ആറു ഞായറാഴ്ചകളിലും ആറു പ്രധാനപ്പെട്ട ക്രിസ്തുവിന്റെ അത്ഭുതങ്ങളെ ധ്യാനിക്കുന്നു. തുടര്‍ന്ന് നാല്പതാം വെള്ളിയാഴ്ചയും. മരിച്ചവനായ ലാസറിനെ ഉയര്‍പ്പിച്ച ശനിയാഴ്ചയും ശേഷം ക്രിസ്തുവിന്റെ യെരുശലേമിലേക്കുള്ള രാജകീയ പ്രവേശനമായ ഓശാനപ്പെരുന്നാളും.
ഓശാനപ്പെരുന്നാള് ദിനം, സന്ധ്യമുതല്‍ ക്രിസ്തുവിന്റെ പീഡാനുഭവ ആഴ്ച ആരംഭിക്കുകയായി, ഈ ദിവസങ്ങളില്‍ കര്‍ത്താവ് വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതായ പെസഹാപ്പെരുന്നാളും തുടര്‍ന്ന് കഷ്ടതകളുടെ ദുഃഖവെള്ളിയാഴ്ചയും യേശുക്രിസ്തു പാതാളവാസികളോട് സുവിശേഷമറിയിച്ച ദുഃഖശനിയും തുടര്‍ന്ന് മരണത്തെ ജയിച്ച് യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായി രക്ഷാകരമായ ഉത്ഥാനപ്പെരുന്നാളും. ദൈവാലയങ്ങളില്‍ ഉയിര്‍പ്പ് പെരുന്നാള്‍ പ്രഖ്യാപനവും വിശുദ്ധ കുര്‍ബാനയും ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷയും നടത്തപ്പെടുന്നതോടുകൂടി, കഴിഞ്ഞ 50 ദിനങ്ങളിലെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപനം കുറിക്കും.
മനുഷ്യജീവന് ഒരിക്കല്‍ ലഭിച്ചാല്‍ അതെന്നേക്കും നിലനിര്‍ത്തേണ്ട നിധിയാണെന്നും അതിനെ പരിപോഷിപ്പിച്ച് അതിന്റെ ഉറവിടമായ ദൈവത്തിലേക്കു എത്തിക്കണമെന്നുമുള്ള സന്ദേശം ക്രിസ്തുവിന്റെ ഉയിര്‍പ്പ് നമുക്കു നല്കുന്നു.
അവശതയും വേദനയും അനുഭവിക്കുന്നവര്‍ക്കു ജീവന്റെ മഹത്ത്വം നൽകണം. മനുഷ്യജീവനു ഹാനികരമാകുന്ന എല്ലാറ്റിനെയും പ്രതിരോധിക്കാന്‍ സമൂഹത്തിനും ഭരണകർത്താക്കൾക്കും കഴിയണം. ഉത്ഥാനപ്പെരുന്നാൾ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.