മനാമ: ഫ്രൻഡ്സ് അസോസിയേഷൻ ഓഫ് തിരുവല്ല സിൽവർ ജൂബിലി ആഘോഷം ഡിസംബർ ഒന്നിന് മനാമ ഗോൾഡൻ തുലിപ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരിക്കും. പ്രവാസസമൂഹത്തിന്റെ നന്മ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ, ബിസിനസ് രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. സംഘടനയുടെ ആദ്യകാല ഭാരവാഹികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും കോവിഡ് കാലത്ത് സേവനമനുഷ്ഠിച്ച തിരുവല്ല നിവാസികളായ ആരോഗ്യപ്രവർത്തകരെയും ഇതോടൊപ്പം ആദരിക്കും.
ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ലയിലെ ഹോസ്പിറ്റലുകളുമായി സഹകരിച്ച് 25 വൃക്കരോഗികൾക്ക് ഒരുവർഷം സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള 'ഫാറ്റ് സ്നേഹസ്പർശം' പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തിൽ നിർവഹിക്കും. തുടർന്ന്, ഫ്ലവേഴ്സ് ടോപ് സിംഗർ, സൂപ്പർ സ്റ്റാർ സിംഗർ സീസൺ 2 ഫെയിം മാസ്റ്റർ റിതുരാജ് നയിക്കുന്ന ഗാനമേളയും നൃത്തശിൽപങ്ങളും ഉണ്ടായിരിക്കും. പ്രോഗ്രാമിന്റെ വിജയത്തിനായി കെ.ജി. ബാബുരാജൻ രക്ഷാധികാരിയായും നെൽജിൻ നെപ്പോളിയൻ ജനറൽ കൺവീനറുമായി 25 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
1997ൽ തിരുവല്ലയിൽനിന്ന് ബഹ്റൈൻ പ്രവാസലോകത്തേക്ക് എത്തിയവർ ചേർന്ന് രൂപവത്കരിച്ചതാണ് ഫ്രൻഡ്സ് അസോസിയേഷൻ ഓഫ് തിരുവല്ല. വി.ഇ. മാത്യു ചെയർമാനും എബ്രഹാം ജോൺ ജനറൽ സെക്രട്ടറിയുമായി രൂപവത്കരിച്ച സംഘടന ഡോ. പി.വി. ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. വാർത്തസമ്മേളനത്തിൽ 'ഫാറ്റ്' പ്രസിഡന്റ് റോബി ജോർജ്, തിരുവല്ല വികസനസമിതി പ്രസിഡന്റും എം.ജി. സോമൻ ഫൗണ്ടേഷൻ പ്രോഗ്രാം ജനറൽ കൺവീനറുമായ അഡ്വ. വർഗീസ് മാമൻ, സെക്രട്ടറി അനിൽകുമാർ, ചാരിറ്റി വിഭാഗം കൺവീനർ വർഗീസ് ദാനിയേൽ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ നെൽജിൻ നെപ്പോളിയൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ എബ്രഹാം ജോൺ, ദേവരാജൻ, ജോർജ് ബെഞ്ചമിൻ, സജി ചെറിയാൻ, ജോ. ജനറൽ കൺവീനർ വിനോദ്കുമാർ, വിവിധ കമ്മിറ്റി കൺവീനർമാരായ മനോജ് ശങ്കർ, ജെയിംസ്, മാത്യു, ബ്ലെസൻ, ഷിബു കൃഷ്ണ, വൈസ് പ്രസിഡന്റുമാരായ ശ്രീകുമാർ, വിനു ഐസക്, ട്രഷറർ ജോബിൻ, ജോ. കൺവീനർമാരായ മനോജ് മാത്യു, നൈനാൻ, നിതിൻ സോമനാഥ്, ടോബി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.