മനാമ: സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും നാട്ടിലും പ്രവാസ ലോകത്തും നിശ്ശബ്ദമായ സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ബഹ്റൈനിലെ പ്രമുഖ വ്യാപാരിയും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് യൂനിറ്റ് വൈസ് പ്രസിഡന്റുമായിരുന്ന നടുവിലടുത്ത് ഹംസ എന്ന് അസോസിയേഷൻ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ജീവിതത്തിലും കച്ചവട രംഗത്തും മൂല്യങ്ങൾക്കും ധാർമികതക്കും ഏറെ സ്ഥാനം കൽപിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയിരുന്നു. ആനുകാലിക സംഭവ വികാസങ്ങളെ സൂക്ഷ്മമായി നോക്കിക്കാണുകയും അതിലുള്ള നിലപാടുകൾ കൃത്യതപ്പെടുത്തുകയും ചെയ്യുന്ന അക്ഷരസ്നേഹി കൂടിയായിരുന്നു അദ്ദേഹം. എല്ലാവരോടും പുഞ്ചിരിച്ച മുഖവുമായി ഇടപെടുന്ന അദ്ദേഹത്തിന്റെ വിയോഗം അസോസിയേഷന് വലിയ നഷ്ടമാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ ജലീൽ അബ്ദുല്ല പറഞ്ഞു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജമാൽ നദ്വി സമാപനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സമീർ ഹസൻ, സെക്രട്ടറി സക്കീർ ഹുസൈൻ, കേന്ദ്ര സമിതി അംഗങ്ങളായ അബ്ദുൽ ഹഖ്, ജാസിർ, അനീസ് വി.കെ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, വനിതാ വിഭാഗം പ്രസിഡന്റ് സാജിദ സലീം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.