മനാമ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ദര്ശന് മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. സൽമാനിയ കെ.സി.എ ഹാളിൽ നടന്ന സംഗമം.
കേരള ഗാന്ധി സ്മാരക നിധി, ഇന്ത്യൻ കൗൺസിൽ ഓഫ് ഗാന്ധിയൻ സ്റ്റഡീസ് എന്നിവയുടെ ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശമെന്ന് സ്വന്തം ജീവിതംകൊണ്ടും മരണംകൊണ്ടും സാക്ഷ്യപ്പെടുത്തിയ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. അഹിംസ എന്ന സമരായുധം ഏറെ പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അക്രമംകൊണ്ട് അക്രമത്തെ അമര്‍ച്ചചെയ്യാന്‍ സാധിക്കില്ലെന്ന് ലോകം ഇതിനകം തെളിയിച്ചു കഴിഞ്ഞു. മനുഷ്യത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സാധിക്കുന്ന സമരായുധമായി അഹിംസയെ തിരിച്ചറിയുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഗാന്ധിയൻ ദർശനങ്ങൾ പുതുതലമുറക്ക് പകർന്നുനൽകേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും അതിനായി ഒരോരുത്തരും പ്രയത്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ബി.കെ.ജി ഹോൾഡിങ് ചെയർമാനുമായ കെ.ജി ബാബുരാജൻ, അമദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, ഡോ. പി.വി. ചെറിയാൻ, ഡോ. ബാബു രാമചന്ദ്രൻ എന്നിവർക്ക് വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറം പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാരായ അഡ്വ. പോൾ സെബാസ്റ്റ്യൻ, ബാബു കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
മാനവ മൈത്രി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശഭക്തിഗാന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ നൽകി. ജനറൽ സെക്രട്ടറി സനൽകുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അനിൽ തിരുവല്ല നന്ദിയും പറഞ്ഞു.
എക്സിക്യൂട്ടിവ് അംഗങ്ങളായ യു.കെ. അനിൽ, വിനോദ് ദാനിയേൽ, തോമസ് ഫിലിപ്, അജിത് കുമാർ, അജി ജോർജ്, മുജീബ്, കൃഷ്ണകുമാർ, പവിത്രൻ പൂക്കുറ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.