മനാമ: എല്ലാ സർക്കാർ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന മവാഈദ് മൊബൈൽ ആപ് ബഹ്റൈനിൽ അവതരിപ്പിച്ചു. നാഷനൽ അപ്പോയിന്റ്മെന്റ് സിസ്റ്റവും അനുബന്ധ മൊബൈൽ ആപ്പായ മവാദ് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖാഇദാണ് പുറത്തിറക്കിയത്.
സർക്കാർ സേവന കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകേണ്ട സേവനങ്ങൾക്കായുള്ള ദേശീയ ഏകീകൃത അപ്പോയിന്റ്മെന്റ് ബുക്കിങ് ആപ്പാണിത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് ഇത് നടപ്പാക്കുന്നതെന്ന് അൽ ഖാഇദ് പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനത്തിനും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും സംവിധാനങ്ങൾ നവീകരിക്കാനുമുള്ള 2023 -2026ലെ സർക്കാർ പദ്ധതിയുടെ ഭാഗമാണിത്.സർക്കാർ സേവനങ്ങൾക്കായി നേരിട്ട് ഓഫിസുകളിൽ പോകേണ്ടിവരുന്ന പ്രക്രിയ ഇനി ലളിതമാകും. സ്മാർട്ട്ഫോണുകൾ വഴി സർക്കാർ സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം തുടങ്ങി നിരവധി സർക്കാർ വകുപ്പുകളുടെ സേവനങ്ങൾക്ക് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ആപ് ഉപയോഗിക്കാമെന്ന മെച്ചമുണ്ട്. അപോയിന്റ്മെന്റ് സ്ഥിരീകരണം, റിമൈൻഡറുകൾ എന്നിവക്കുള്ള അറിയിപ്പുകൾ ലഭിക്കും. പൗരന്മാർ, താമസക്കാർ, പ്രവാസികൾ, ജി.സി.സി പൗരന്മാർ എന്നിവർക്ക് മവാഈദ് ആപ് ഉപയോഗിക്കാം. ബഹ്റൈൻ bh/apps-ലെ eGovernment App Storeൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് സർക്കാർ സേവന കാൾ സെന്ററുമായി 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.