മനാമ: മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, വാണിജ്യ, വ്യവസായ കാര്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മനാമ സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ മനസ്സിലാക്കാനും നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനുമായിരുന്നു സന്ദർശനം.
രാജ്യത്തിന്റെ ഭക്ഷ്യാവശ്യം നിർവഹിക്കുന്നതിൽ സുപ്രധാന പങ്കാണ് മനാമ സെൻട്രൽ മാർക്കറ്റ് വഹിക്കുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കി. മാർക്കറ്റിലെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ലോഡിങ് അൺലോഡിങ് ചെയ്യുന്ന ഏരിയ റൂഫ് ചെയ്യുന്നതിന്റെ പുരോഗതി നോക്കിക്കാണുകയും ചെയ്തു.
ദൈനംദിന വൈദ്യുതി ഉപയോഗം കുറക്കുന്നതിന് സഹായകമാകുന്ന ഇലക്ട്രിക് കപ്പാസിറ്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തനം 95 ശതമാനം പൂർത്തീകരിച്ചതായി വിലയിരുത്തി. കൂടാതെ ഹറാജ് മാർക്കറ്റിന്റെയും ഫിഷ് മാർക്കറ്റിന്റെയും റൂഫ് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം നടത്തുമെന്നും അതുവഴി താപനിലയും വൈദ്യുതി ഉപഭോഗവും കുറക്കാൻ സാധിക്കുകയും ചെയ്യുമെന്ന് മന്ത്രി വാഇൽ ബിൻ നാസിർ വ്യക്തമാക്കി.
സെൻട്രൽ മാർക്കറ്റിലെ ചരക്കുകളുടെ വരവും പോക്കും നിരീക്ഷിക്കുകയും അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് വില വർധിക്കുന്നത് ഒഴിവാക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നതായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.