മനാമ: ആരോഗ്യ മന്ത്രാലയവും ഇന്ത്യയിലെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവുമായി ആരോഗ്യ പരിചരണ മേഖലയില്‍ സഹകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കരാറിലൊപ്പിടാന്‍ ആരോഗ്യ മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റംസ് വിഭാഗം പുന:സംഘടിപ്പിക്കുന്നതിനെക്കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രിയുടെ പ്രസ്തുത നിര്‍ദേശം സിവില്‍ സര്‍വീസ് കൗണ്‍സിലിന് വിടാനും തീരുമാനിച്ചു. ഹജിയ്യാത്തില്‍ താമസിക്കുന്നവര്‍ക്ക് വെസ്റ്റ് റിഫയിലെ ഹമദ് കാനൂ ഹെല്‍ത് സെൻററില്‍ ചികില്‍സ തേടാനുള്ള പാര്‍ലമെൻറ് നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കി. പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് സംഘടിപ്പിച്ച കിങ് ഹമദ് -യുനെസ്‌കോ വിദ്യാഭ്യാസ അവാര്‍ഡ് ദാനച്ചടങ്ങിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോര്‍ട്ട് സഭ ചര്‍ച്ച ചെയ്തു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ബഹ്‌റൈന്‍ കൈവരിച്ച നേട്ടം ശ്രദ്ധേയമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. അറബ് മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ചാണ് രാജ്യം മനുഷ്യാവകാശ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ യോഗം വിലയിരുത്തിയത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഭരണാധികാരത്തിന്‍ കീഴില്‍ ഈ രംഗത്ത് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിച്ചതായി വിലയിരുത്തി. ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനും ആദരിക്കുന്നതിനും ശക്തമായ നിയമങ്ങളാണ് രാജ്യത്തുള്ളത്. ഇക്കാര്യത്തില്‍ ഭരണഘടനയും നിയമങ്ങളും നല്‍കുന്ന പിന്തുണ ഏറെ ശ്രദ്ധേയമാണ്. അറബ് മനുഷ്യാവകാശ കോടതി ബഹ്‌റൈനില്‍ സ്ഥാപിക്കാന്‍ ഹമദ് രാജാവ് മുന്‍കൈയെടുത്തതും അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ കാഴ്ച്ചപ്പാടനുസരിച്ച് ജി.സി.സി ഉന്നതാധികാര കമ്മിറ്റി രൂപപ്പെടുത്തിയ സാമ്പത്തിക ജുഡീഷ്യല്‍ സമിതിയുടെ നിയമം അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെൻറിന് വിടാനും തീരുമാനിച്ചു. ഏകീകൃത സാമ്പത്തിക നിയമവും തീരുമാനങ്ങളും നടപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. ബഹ്‌റൈനും സ്വിറ്റ്‌സര്‍ലൻറും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെക്കാന്‍ ധനകാര്യ മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.