മനാമ: മഹാമാരിയിൽനിന്ന് നാടിനെ രക്ഷിക്കാൻ എല്ലാം മറന്ന് രംഗത്തുള്ളവരാണ് ആരോഗ്യ പ്രവർത്തകർ. ബഹ്റൈനിലും ഇവരുടെ പ്രവർത്തനങ്ങൾ ഏറെ കൈയടി നേടി. രാജ്യത്ത് രോഗ വ്യാപനം തടയുന്നതിൽ ആരോഗ്യ മന്ത്രാലയവും ആരോഗ്യ പ്രവർത്തകരും വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ആഭ്യന്തര മന്ത്രാലയത്തിെൻറയും സിവിൽ ഡിഫൻസിെൻറയും പിന്തുണയോടെയാണ് ആരോഗ്യ പ്രവർത്തകർ കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങുന്നത്. വീടുകളിലും ഫീൽഡിലും ആരോഗ്യ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളാണ് നടക്കുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി രോഗ വ്യാപനം തടയുകയാണ് നടപടികളുടെ ലക്ഷ്യം.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെട്ട സംഘമാണ് പരിശോധന സംഘത്തിലുള്ളത്. ചിലയിടങ്ങളിൽ ദന്ത ഡോക്ടറും ഇവരോടൊപ്പമുണ്ടാകും. രാവിലെ ബഹ്റൈൻ എക്സിബിഷൻ സെൻററിൽ ഒത്തുചേരുന്ന സംഘം അവിടെനിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്. രോഗത്തിെൻറ സാമൂഹിക വ്യാപനം ഉണ്ടായോ എന്നാണ് ഇവർ മുഖ്യമായും പരിശോധിക്കുന്നത്. ജനൂസാൻ, മനാമ ബാബുൽ ബഹ്റൈൻ, ജനേബിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം സംഘം പരിശോധന നടത്തി. ആരോഗ്യ വകുപ്പിെൻറ പ്രത്യേക വാഹനത്തിലാണ് സംഘം പരിശോധനകൾക്കായി പോകുന്നത്. വീടുകളിൽ പരിശോധനക്ക് ചെല്ലുേമ്പാൾ ആളുകളെ വാഹനത്തിലേക്ക് വിളിച്ച് സ്രവങ്ങൾ ശേഖരിച്ച് പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ കൂടുതലായും ബേക്കറികൾ, ഹൈപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്. ഇവിടങ്ങളിലും തിരഞ്ഞെടുത്ത ആളുകളുടെ സ്രവങ്ങൾ ശേഖരിച്ച് പരിശോധിക്കും. ഇതോടൊപ്പം ആളുകളുടെ യാത്രാ വിവരങ്ങൾ, അസുഖങ്ങൾ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകുന്നുണ്ട്. പരിശോധന ഫലത്തിൽ എന്തെങ്കിലും പ്രശ്നമുള്ളവരെ വിവരം അറിയിക്കും.
ഒാരോ പ്രദേശത്തും അണുനശീകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ആരോഗ്യ മന്ത്രാലയം മികച്ച പിന്തുണയാണ് ആരോഗ്യ പ്രവർത്തകർക്ക് നൽകുന്നത്. എല്ലാ ദിവസവും ഇരുടെ വാഹനങ്ങളിൽ അണുനശീകരണം നടത്തുന്നുണ്ട്. എൻ 95 മാസ്ക്, ഗൗൺ, ഗ്ലൗസ്, ഷൂ കവർ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും ഇവർക്ക് ലഭ്യമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.