മനാമ: ബഹ്റൈനിൽ ഇപ്പോൾ കടുത്ത ചൂടുള്ള നാളുകളാണ്. 42 ഡിഗ്രി സെൻറിഗ്രേഡ് വരെയാണ് കഴിഞ്ഞ ദിവസങ്ങളിലെ ചൂട്. പുറത്ത് ജോലിചെയ്യുന്നവരും സഞ്ചരിക്കുന്നവരുമാണ് ചുട്ടുപൊള്ളുന്ന വെയിലിെൻറ കാഠിന്യം ഏറ്റവുമധികം നേരിടുന്നത്. കൊടും ചൂട് നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. തണുപ്പുകാലത്തേതുപോലെ ചൂടുകാലത്തും ആരോഗ്യ കാര്യത്തിൽ നാം ഏറെ ശ്രദ്ധ പുലർത്തണമെന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡൻറ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറ് ചീഫ് റെസിഡൻറ് ഡോ. പി.വി. ചെറിയാൻ ഓർമിപ്പിക്കുന്നു. ബഹ്റൈനിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ചൂട് പാരമ്യത്തിലെത്തുക. ഈ മാസങ്ങളിൽ നാം ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. ഏറ്റവും പ്രധാനമായത്, ശരീരത്തിലെ ജലാംശം കുറയാതെ നോക്കുക എന്നതാണെന്ന് ഡോ. പി.വി. ചെറിയാൻ പറയുന്നു. നേരിട്ട് സൂര്യ പ്രകാശം ഏൽക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം. പ്രത്യേകിച്ച് ഉച്ചക്ക് 12 മുതൽ വൈകീട്ട് നാല് വരെയുള്ള സമയത്ത്. ഈ സമയത്താണ് ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത്.
ശരീരത്തിലുണ്ടാകുന്ന തടിപ്പുകൾ, ശരീരത്തിൽ നീർക്കെട്ട്, തളർച്ചയും ക്ഷീണവും, ചൂടിനെത്തുടർന്നുള്ള പക്ഷാഘാതം എന്നിവയൊക്കെ ഇക്കാലത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിലെ താപനില നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം പ്രവർത്തന രഹിതമാകുേമ്പാഴാണ് ചൂടിനെത്തുടർന്നുള്ള സ്ട്രോക് ഉണ്ടാകുന്നത്. 41-42 ഡിഗ്രി സെൻറിഗ്രേഡോളം ചൂട് ഏൽക്കുേമ്പാഴാണ് ഇങ്ങനെ സംഭവിക്കാൻ സാധ്യതയുള്ളത്. വിയർപ്പിലൂടെയാണ് ശരീര താപനില ശരിയായ അളവിൽ നിലനിർത്തുന്നത്. ശരീരം വിയർക്കാനുള്ള ശേഷി നഷ്ടമാകുേമ്പാൾ താപനില കുറയാതിരിക്കുകയും തുടർന്ന് സ്ട്രോക്കിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഹീറ്റ് സ്ട്രോക് എന്ന അവസ്ഥ വന്നാൽ സാധാരണ മരണത്തിലേക്കാണ് നീങ്ങുന്നത്. ബഹ്റൈനിൽ 2007ൽ കൊണ്ടുവന്ന ഉച്ച വിശ്രമ നിയമം തൊഴിലാളികൾക്ക് കുറേയെറെ ആശ്വാസമായി. 2011ൽ അത് കുടുതൽ പരിഷ്കരിച്ചു. നിയമം ലംഘിക്കുന്നവർക്കുള്ള പിഴയും ശിക്ഷയുമെല്ലാം അതിൽ വർധിപ്പിച്ചു. അതിനുശേഷം രാജ്യത്ത് ഹീറ്റ് സ്ട്രോക് കാരണമുള്ള മരണങ്ങളുണ്ടായിട്ടില്ല.
ചൂടുള്ള സമയങ്ങളിൽ പുറത്തുപോകുന്നവർ കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്ന് ഡോ. പി.വി. ചെറിയാൻ പറയുന്നു. ഇടക്കിടക്ക് വെള്ളം കുടിച്ചുകൊണ്ടിരിക്കണം. ബി.പി പോലുള്ള പ്രശ്നങ്ങൾ ഇല്ലാത്തവർ അൽപം ഉപ്പുകൂടി ചേർത്ത് കുടിക്കുന്നത് നല്ലതാണ്. വിയർക്കുേമ്പാൾ ശരീരത്തിൽനിന്ന് ഉപ്പ് പുറത്തുപോകുന്നതിന് പകരമാണ് ഇത്. പുറത്ത് ജോലി ചെയ്യുന്നവർ ഇടക്കിടെ തണലത്ത് നിന്ന് വിശ്രമിക്കാൻ മറക്കരുത്. വ്യക്തിശുചിത്വവും പ്രധാനമാണ്. ദിവസവും കുളിക്കുന്നത് അസുഖങ്ങൾ വരാതെ സൂക്ഷിക്കും. ശരീരം വിയർക്കാനുള്ള അവസരം ഒരുക്കണം. പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
സ്ഥിരം മരുന്നുകൾ അവർ മുടങ്ങാതെ കഴിക്കണം. ഭക്ഷണ നിയന്ത്രണത്തിലും ശ്രദ്ധിക്കണം. കൊഴുപ്പു കൂടിയ ഭക്ഷണത്തിന് പകരം ലഘുവായ ഭക്ഷണങ്ങളാണ് ഇക്കാലത്ത് നല്ലത്. പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസുകൾ എന്നിവ കൂടുതലായി കഴിക്കണം. ചൂടുകാലത്ത് പച്ചക്കറി ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. ഭക്ഷ്യവിഷബാധക്കുള്ള സാധ്യത ഇക്കാലത്ത് കൂടുതലാണ്. ഷവർമ പോലുള്ള സാധനങ്ങൾ കടയിൽനിന്ന് വാങ്ങുേമ്പാൾ ഏറ്റവും ഫ്രഷായിട്ടുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ചൂടുകാലത്ത് ബാക്ടീരിയകൾ ഭക്ഷണത്തിൽ വളരാനുള്ള സാധ്യത ഏറെയാണെന്ന് മറക്കരുത്. ഈ വർഷത്തെ ചൂടുകാലം കോവിഡ് -19മായി ബന്ധപ്പെട്ടതാണ്. അതിനാൽ, കോവിഡ് പ്രതിരോധത്തിനും ശ്രദ്ധിക്കണം. വിറ്റമിൻ സി, വിറ്റമിൻ ഡി, സിങ്ക് എന്നിവയാണ് കൊറോണ വൈറസിനെ നേരിടാൻ ശരീരത്തിന് ഏറ്റവും ആവശ്യമായത്. ഇവ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
ചൂടുകാലത്ത് വൈറസ് കുറയുമെന്നത് തെറ്റിദ്ധാരണയാണ്. അതിനാൽ, രോഗം വരാതെ സൂക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുകയാണ് പ്രധാനം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവക്കൊപ്പം അനാവശ്യമായി പുറത്തുപോകുന്നതും ഒഴിവാക്കണം. നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുളളവർക്കും പ്രതിരോധശേഷി കുറവായിരിക്കും. അതിനാൽ, അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പുറത്തുനിന്ന് വാങ്ങുന്ന ശീതളപാനീയങ്ങൾക്ക് പകരം വീട്ടിൽതന്നെയുണ്ടാകുന്ന ജ്യൂസുകൾ ഇവർക്ക് നൽകണം. ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളിൽ വളർത്തിയെടുക്കണമെന്നും ഡോ. പി.വി. ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.