മനാമ: രാജ്യത്ത് ചൂട് കനത്തുതുടങ്ങിയതോടെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ചൂട് 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. കുറഞ്ഞ ചൂട് 33 ഡിഗ്രി സെൽഷ്യസാണ്. ശരാശരി 36 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസവും ചൂട് പൊതുവെ കൂടുതലായിരുന്നു. മഴയുടെ ലഭ്യതയും കുറവായിരുന്നു. ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള മീറ്റിയറോളജിക്കൽ ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് മേയ് 13ന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ 46 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. മേയിലെ മറ്റു ദിവസങ്ങളിൽ ചൂടിൽ ഏറ്റക്കുറച്ചിലുണ്ടായി. വരുംദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. മഴക്ക് സാധ്യത കുറവാണ്. മേയ് 15നുശേഷം ചൂട് ഇനിയും കൂടാനാണ് സാധ്യതയുള്ളത്.
അതിനാൽ പകൽസമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് ഉചിതമായിരിക്കും. അധികസമയം വെയിലേൽക്കാൻ ഇടവരരുത്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ഇടക്കിടക്ക് തണലുള്ള സ്ഥലങ്ങളിലേക്ക് മാറണം. നിർജലീകരണം ഒഴിവാക്കാൻ ഏറെ ശ്രദ്ധിക്കണം. പകൽസമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ചൂടുകാറ്റുണ്ടാവുന്ന വേളകളിൽ ശരീരം തണുപ്പിക്കുന്നത് നല്ലതായിരിക്കും. ജല ബാഷ്പീകരണം ഒഴിവാക്കുക, തണുത്ത വെള്ളത്തിൽ കുളിക്കുക, അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, ഇടക്കിടെ വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.
കഫീൻ, പഞ്ചസാര എന്നിവയുടെ ഉപയോഗം കഴിവതും കുറക്കുന്നത് നല്ലതാണ്. ലഘുഭക്ഷണങ്ങൾ ഇടക്കിടെ കഴിക്കുന്നത് ഊർജനഷ്ടം ഒഴിവാക്കാൻ സഹായകമാണ്. ചൂടുകാറ്റുണ്ടാവുന്ന വേളകളിൽ മുറിയുടെ ഊഷ്മാവ് പകൽസമയങ്ങളിൽ 32 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 24 ഡിഗ്രി സെൽഷ്യസുമാക്കി ക്രമീകരിക്കണം. ചൂടുകാലത്ത് വാഹനങ്ങൾക്കും മുൻകരുതൽ വേണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
താപനില ഉയരുന്നതിനനുസരിച്ച്, വാഹനങ്ങളിൽ സാങ്കേതിക തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും തീപിടിത്തത്തിലേക്ക് എത്തിക്കും. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഇന്ധനം, പെർഫ്യൂം, ലൈറ്ററുകൾ, വാതകങ്ങൾ, അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കൾ തുടങ്ങിയവ വാഹനങ്ങൾക്കുള്ളിൽ വെക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൃത്യമായ വേളയിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ വർധിച്ച ഘർഷണവും എൻജിൻ അമിതമായി ചൂടാകുന്നതും കാരണം ബ്രേക്ക് സിസ്റ്റം തകരാറിലാകാൻ ഇടവരും.
റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ്, എൻജിൻ ഓയിൽ പരിശോധന, ടയറുകളുടെ സ്ഥിതി, ബ്രേക്ക് സിസ്റ്റം, വാഹനത്തിന്റെ താപനില നിരീക്ഷിക്കൽ, എൻജിന്റെയും കൂളിങ് ഫാനുകളുടെയും പ്രവർത്തനക്ഷമത, മുന്നിലെയും പിന്നിലെയും ലൈറ്റുകൾ പരിശോധിക്കുക, മുന്നറിയിപ്പ് സിഗ്നൽ ലൈറ്റുകൾ, സ്പെയർ ടയർ, അഗ്നിശമന ഉപകരണം എന്നിവ ഉൾപ്പെടെയുള്ള പതിവ് അറ്റകുറ്റപ്പണികൾ ഡ്രൈവർമാർ നടത്തേണ്ടത് അത്യാവശ്യമാണ്. സൂര്യാതപം നേരിട്ട് അടിക്കാത്ത പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതായിരിക്കും ഉചിതം. ഡോറുകൾ തുറന്ന് വാഹനത്തിന് അമിതമായ മർദം അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്.
ഓടിക്കൊണ്ടിരിക്കുന്ന കാറിനാണ് തീപിടിക്കുന്നതെങ്കിൽ മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് സിഗ്നൽ നൽകണം. കത്തുന്ന വസ്തുക്കളോ മറ്റു വാഹനങ്ങളോ അടുത്തില്ലെന്ന് ഉറപ്പാക്കി സുരക്ഷിതമായി റോഡിന്റെ വശത്തേക്ക് കാർ ഓടിക്കണം. ഇതിനുശേഷം എൻജിനും ഹെഡ്ലൈറ്റുകളും ഓഫ് ചെയ്യുകയും എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയും വേണം. തീപിടിത്തം എമർജൻസി സർവിസുകളെ അറിയിക്കുകയും കത്തുന്ന കാറിൽനിന്ന് മാറിനിൽക്കാൻ മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുക. ചെറിയ തീപിടിത്തമാണെങ്കിൽ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ അണക്കാൻ ശ്രമിക്കാം. എന്നാൽ, അഗ്നിശമന ഉപകരണം ഉപയോഗിക്കാൻ അറിയില്ലെങ്കിൽ സ്വയം തീയണക്കാനുള്ള ശ്രമത്തിൽനിന്ന് വിട്ടുനിൽക്കേണ്ടതാണ്. തീയണച്ചശേഷം ഇലക്ട്രീഷ്യനോ മെക്കാനിക്കോ പരിശോധിച്ചതിനു ശേഷമല്ലാതെ സ്റ്റാർട്ട് ചെയ്യാനോ വാഹനമോടിക്കാനോ ശ്രമിക്കരുത്.
കുട്ടികൾ വാഹനത്തിൽ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുക
വേനലവധിക്കു മുമ്പുള്ള കാലം കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ വേണം. സ്കൂൾ ബസിലായിരിക്കും അധികം കുട്ടികളും സ്കൂളിലേക്ക് പോകുന്നത്. ക്ഷീണം മൂലം കുട്ടികൾ ഉറങ്ങിപ്പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് സ്കൂൾ ബസും വാഹനങ്ങളും സ്കൂളിലെത്തുമ്പോൾ കുട്ടികൾ ആരും അതിലില്ലെന്ന് ജീവനക്കാർ ഉറപ്പുവരുത്തേണ്ടതാണ്. അധ്യാപകരും ഇക്കാര്യം ശ്രദ്ധിക്കണം.
ഈ സമയത്ത് ഇരട്ടി ജാഗ്രത വേണമെന്നർഥം. ബസ് യാത്ര അവസാനിപ്പിക്കുമ്പോഴും അതിശ്രദ്ധ പുലർത്തണം. നിർജലീകരണം കുറച്ചു സമയത്തേക്കാണെങ്കിലും സംഭവിച്ചാൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. ശ്രദ്ധയില്ലായ്മ വലിയ ദുഃഖത്തിന് കാരണമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.