ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം
?ഞാൻ ഒരു കമ്പനിയിൽ ജോലിചെയ്യുകയാണ്. എല്ലാദിവസവും 12 മണിക്കൂർ ഡ്യൂട്ടിയാണ്. 12 മണിക്കൂറിന്റെ ഫിക്സഡ് ശമ്പളമാണ് തന്നുകൊണ്ടിരിക്കുന്നത്. ബേസിക്, ഫിക്സ് ഓവർടൈം, അദർ അലവൻസ് ഇങ്ങനെയാണ് എഗ്രിമെന്റ് ഉള്ളത്. വെക്കേഷന് പോകുന്ന സമയത്ത് ലീവ് സാലറി ബേസിക് ആണോ അതോ 12 മണിക്കൂറിന്റെ ഫുൾ സാലറി ആണോ തരേണ്ടത്. സർവിസ് മണി ബേസിക് അനുസരിച്ചാണോ അതോ നമ്മുടെ ഫുൾ സാലറി ആയിട്ട് ആണോ കണക്കാക്കുക. എനിക്ക് അദർ അലവൻസ് കിട്ടാൻ സാധ്യതയുണ്ടോ. ഇതുവരെ ലീവിന് പോയ സമയത്ത് ഫുൾ സാലറി ആയിരുന്നു കമ്പനി തന്നുകൊണ്ടിരുന്നത്. ഇപ്പോൾ ബേസിക്കാണ് കമ്പനി കൊടുക്കുന്നത്. ചോദിച്ചപ്പോൾ ബഹ്റൈൻ ലോ അനുസരിച്ച് ബേസിക് സാലറിയാണ് ലീവ് സാലറി ആയിട്ട് കൊടുക്കുന്നത് എന്നാണ് പറഞ്ഞത്- മഹേഷ്
• സാധാരണനാട്ടിൽ അവധിക്ക് പോകുമ്പോൾ മുഴുവൻ ശമ്പളമാണ് തൊഴിൽ നിയമപ്രകാരം തരേണ്ടത്. വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. പക്ഷേ, താങ്കളുടെ കാര്യത്തിൽ ഫിക്സഡ് ഓവർടൈം ഉണ്ട്. അത് ശമ്പളമായി കണക്കാക്കുകയില്ല. പക്ഷേ, വീടിന്റെ അലവൻസ് ആണ് നൽകുന്നതെങ്കിൽ അത് അവധിയുടെ ശമ്പളത്തിന്റെ കൂടെ നൽകണം. കാരണം അവധിക്ക് പോകുമ്പോൾ വീടിന്റെ വാടക കരാർ റദ്ദ് ചെയ്യാൻ സാധിക്കുകയില്ല. ചില അലവൻസുകൾ ശമ്പളത്തിന്റെ കൂടെ ചേർക്കും. ചിലത് ചേർക്കുകയില്ല.
ഉദാഹരണത്തിന് പെട്രോൾ അല്ലെങ്കിൽ ടെലിഫോൺ അലവൻസ്. അവധിയുടെ സമയത്ത് ഈ അലവൻസുകൾ താങ്കൾ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് അത് തരാതിരിക്കാം. ഇതൊക്കെ കമ്പനിയുടെ ഇന്റേണൽ പോളിസിയുടെ അടിസ്ഥാനത്തിലാണ് നൽകുന്നത്. ഇതൊന്നും വ്യക്തമായി തൊഴിൽനിയമത്തിൽ പറയുന്നില്ല. തൊഴിൽനിയമത്തിൽ വ്യക്തമായി ഒരുകാര്യം പറയുന്നുണ്ട്. അതായത് താങ്കൾ ജോലിയിൽനിന്ന് പിരിഞ്ഞുപോകുമ്പോൾ അവധി ബാക്കിയുണ്ടെങ്കിൽ അതിനുള്ള ശമ്പളം ബേസിക് സാലറിയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അതുപോലെ ലീവിങ് ഇൻഡമിനിറ്റി കണക്കാക്കുന്നത് അടിസ്ഥാനശമ്പളത്തിലാണ്. ഇതും തൊഴിൽ നിയമത്തിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങളെപ്പറ്റി കൂടുതൽ വ്യക്തമായി അറിയുന്നതിന് ഒരു ബഹ്റൈനി അഭിഭാഷകനെ കാണുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.