പ്രവാസി വിദ്യാർഥികളുടെ ഉപരിപഠനം: അവസരങ്ങളുമായി ഇഗ്നോ

മനാമ: വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പ്രവാസി വിദ്യാർഥികളുടെ ഉപരിപഠനം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. പ്രവാസി വിദ്യാർഥികളിൽ നല്ലൊരു ശതമാനം വിദൂര പഠനത്തിന് ആശ്രയിച്ചിരുന്ന അണ്ണാമലൈ യൂനിവേഴ്സിറ്റി കോഴ്സുകൾക്ക് യു.ജി.സി വിലക്കേർപ്പെടുത്തിയതോടെ ഇവരുടെ ഉപരിപഠനം പ്രതിസന്ധിയിലായി.

മുൻകാലങ്ങളിൽ കേരളത്തിൽനിന്നുള്ള എം.ജി, കാലിക്കറ്റ് സർവകലാശാലകളുടേത് ഉൾപ്പെടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ബഹ്റൈനിൽ നടത്തിയിരുന്നു.

എന്നാൽ, യൂനിവേഴ്സിറ്റികൾ തങ്ങളുടെ പ്രവർത്തന പരിധിയിൽ മാത്രമേ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ പാടുള്ളൂവെന്ന യു.ജി.സി ഉത്തരവ് വന്നതോടെ ഇത് അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും, മദ്രാസ് ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അണ്ണാമലൈ സർവകാലാശാല പ്രവർത്തനപരിധിക്ക് പുറത്ത് ഗൾഫിൽ ഉൾപ്പെടെ വിദൂരപഠനം നടത്തിവന്നിരുന്നു. ഇതിനാണ് അടുത്തിടെ യു.ജി.സി വീണ്ടും വിലക്കേർപ്പെടുത്തിയത്.

ഈ സാഹചര്യത്തിൽ, ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന വിദൂരവിദ്യഭ്യാസ പഠനത്തിന് പ്രസക്തി ഏറുകയാണ്. 1985ൽ പാർലമെന്‍റിൽ പാസാക്കിയ നിയമം മുഖേന നിലവിൽവന്ന ഇഗ്നോയുടെ ഇന്‍റർനാഷനൽ ഡിവിഷൻ മുഖേനയാണ് വിദേശങ്ങളിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥികൾക്കുവേണ്ടി കോഴ്സുകൾ നടത്തുന്നത്.

വിവിധ രാജ്യങ്ങളിലെ ഓവർസീസ് സ്റ്റഡി സെന്‍ററുകൾ മുഖേനയാണ് അക്കാദമിക് പ്രോഗ്രാമുകൾ നടത്തിവരുന്നത്.

ബഹ്റൈനിൽ മനാമയിലെ ഇന്ത്യൻ അക്കാദമിയാണ് ഇഗ്നോയുടെ ഓവർസീസ് സ്റ്റഡി സെന്‍റർ. യു.എ.ഇയിൽ ഷാർജ, അബൂദബി, സൗദി അറേബ്യയിൽ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലും ഒമാനിൽ മൂന്നിടങ്ങളിലും കുവൈത്തിൽ രണ്ടിടങ്ങളിലും ഓവർസീസ് സ്റ്റഡി സെന്‍ററുകളുണ്ട്.

ബിരുദാനന്തര ബിരുദം, ബിരുദം, പി.ജി ഡിപ്ലോമ, ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, അവെയർനെസ് ആൻഡ് അപ്രീസിയേഷൻ പ്രോഗ്രാമുകൾ എന്നിവ ഇന്‍റർനാഷനൽ ഡിവിഷൻ മുഖേന നടത്തുന്നുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഓവർസീസ് സ്റ്റഡി സെന്‍ററുകളിൽ മതിയായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കോഴ്സ് ഫീസും ഇവിടെ അടക്കാം. അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ മേൽനോട്ടത്തിൽ പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് ആശങ്കയില്ലാതെ കോഴ്സുകളിൽ ചേരാൻ സാധിക്കും. കോഴ്സുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ www.ignou.ac.in/ignou/aboutignou/division/id/introduction വെബ്സൈറ്റിൽ ലഭിക്കും.

Tags:    
News Summary - Higher Education for Expatriate Students: IGNOU with Opportunities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT