മനാമ: ഹോപ് ബഹ്റൈൻ സംഘടിപ്പിച്ച ഹോപ് പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ നടന്നു. ബി.എം.സിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഡേ-നൈറ്റ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും ബ്രോസ് ആൻഡ് ബഡ്ഡീസും പങ്കാളികളായി.
ബഹ്റൈനിലെ പ്രമുഖരായ ജില്ല അസോസിയേഷൻ ടീമുകൾ ഉൾപ്പെടെ 12 അസോസിയേഷൻ ടീമുകളാണ് ഏറ്റുമുട്ടിയത്. കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്തുള്ള ടീമുകളുടെ മത്സരം വീക്ഷിക്കാനും പിന്തുണക്കാനുമായി വലിയ ജനാവലിയാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിലെത്തിയത്.
ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊപ്പം ബഹ്റൈനിലെ പ്രശസ്തരായ മ്യൂസിക് ബാൻഡുകളുടെ ലൈവ് മ്യൂസിക്കൽ ഷോ മത്സരത്തിന്റെ ഇടവേളകളിൽ കാണികൾക്ക് വേറിട്ട അനുഭവമായി.
‘ആരവം മരം ബാൻഡ്’ന്റെ വാദ്യോപകരണ ഫ്യൂഷൻ, ‘മിന്നൽ ബീറ്റ്സ്’ ബാൻഡിന്റെ മ്യൂസിക് ഷോ, ലേഡീസ് ബാൻഡായ ‘പിങ്ക് ബാങ്ക്’ അവതരിപ്പിച്ച സംഗീതപരിപാടി എന്നിവയാണ് കാണികൾ ആഘോഷമാക്കിയത്.
ആവേശകരമായ ഫൈനൽ മത്സരത്തിൽ, അവസാന ബാളിൽ സിക്സ് നേടിക്കൊണ്ടാണ് കണ്ണൂരിന്റെ കരുത്തുമായെത്തിയ ‘വോയ്സ് ഓഫ് മാമ്പ’ ജേതാവായത്. കോഴിക്കോടിനെ പ്രതിനിധാനം ചെയ്ത് മത്സരിച്ച ഗ്ലോബൽ തിക്കോടിയൻസ് ഫോറം ബഹ്റൈൻ (ജി.ടി.എഫ്) റണ്ണർ അപ്പായി.
കോട്ടയം ജില്ല പ്രവാസി കൂട്ടായ്മ മൂന്നാം സ്ഥാനവും വോയ്സ് ഓഫ് ആലപ്പി നാലാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ മാൻ ഓഫ് ദ മാച്ച് -സുനീർ (വോയ്സ് ഓഫ് മാമ്പ), മാൻ ഓഫ് ദ സീരീസ് -അമീർ സലാഹുദ്ദീൻ (വോയ്സ് ഓഫ് ആലപ്പി), ബെസ്റ്റ് ബാറ്റ്സ് മാൻ -ശ്യാംകുമാർ (പാക്ട് ബഹ്റൈൻ -പാലക്കാട്), ബെസ്റ്റ് ബാളർ -അമീർ സലാഹുദ്ദീൻ (വോയ്സ് ഓഫ് ആലപ്പി) എന്നിവർ വ്യക്തിഗത നേട്ടങ്ങൾക്ക് അർഹരായി.
ഒന്നാം സമ്മാന ജേതാക്കൾക്ക് ഹോപ് പ്രീമിയർ ലീഗ് കൺവീനർ അൻസാർ മുഹമ്മദും, ചീഫ് കോഓഡിനേറ്റർ സിബിൻ സലീമും, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും ചേർന്ന് ട്രോഫിയും ക്യാഷ് പ്രൈസും നൽകി. രണ്ടാം സമ്മാനാർഹരായ ടീമിന് ഹോപ് സെക്രട്ടറി ജോഷി നെടുവേലിലും മീഡിയ കൺവീനർ ഗിരീഷ് കുമാറും ചേർന്ന് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.
സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, കെ.ടി സലിം, സൈദ് ഹനീഫ്, മാധ്യമ പ്രവർത്തകരായ ജലീൽ അബ്ദുല്ല (മാധ്യമം), സിറാജ് പള്ളിക്കര (മീഡിയവൺ), ഇ.വി രാജീവൻ ഉൾപ്പെടെ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും അസോസിയേഷൻ ഭാരവാഹികളും സന്നിഹിതരായിരുന്നു.
ഹോപ്പിന്റെ രക്ഷാധികാരികളായ ഷബീർ മാഹി, നിസാർ കൊല്ലം, മുതിർന്ന അംഗങ്ങളായ അഷ്കർ പൂഴിത്തല, ഷിബു പത്തനംതിട്ട, മനോജ് സാംബൻ, ജയേഷ് കുറുപ്പ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഹോപ് പ്രസിഡന്റ് ജെറിൻ ഡേവിസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാജി എളമ്പിലായി, ഷിജു സി.പി, മുജീബ് റഹ്മാൻ, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, നിസാർ മാഹി, റംഷാദ് എ.കെ, പ്രിന്റു ഡെല്ലിസ്, താലിബ്, സുജീഷ് ബാബു, റോണി ഡൊമിനിക്, ശ്യാംജിത്, പ്രശാന്ത്, രഘുനാഥ്, റസാഖ്, വിപിഷ്, മിറാഷ് എന്നിവർ നേതൃത്വം നൽകി. മത്സരത്തോടനുബന്ധിച്ച് നടത്തിയ പ്രവചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.