നോ​മ്പു​തു​റ സ​മ​യം അ​റി​യി​ക്കു​ന്ന​തി​നു​ള്ള ഇ​ഫ്താ​ർ പീ​ര​ങ്കി

പാരമ്പര്യത്തിന്‍റെ ഓർമപുതുക്കലായി ഇഫ്താർ പീരങ്കി

മനാമ: റമദാൻനാളുകളിലെ കൗതുകമുണർത്തുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും ഏറെയാണ്. അതിലൊന്നാണ് നോമ്പുതറ സമയം അറിയിക്കുന്ന ഇഫ്താർ പീരങ്കി. ക്ലോക്കുകളും സാങ്കേതികവിദ്യയും കണ്ടുപിടിക്കുന്നതിനു മുമ്പ് ഉടലെടുത്ത ഈ പാരമ്പര്യം ഇന്നും മുടക്കമില്ലാതെ തുടരുകയാണ്. ബഹ്റൈനു പുറമേ മറ്റ് അറബ് രാജ്യങ്ങളിലും ഇഫ്താർ പീരങ്കിയുടെ മുഴക്കം കേൾക്കാം.

ആദ്യകാല ഇസ്‍ലാമിക കാലഘട്ടത്തിൽനിന്ന് പിറവിയെടുത്ത ഈ ആചാരം ഇന്ന് ഒട്ടേറെ പേരെ ആകർഷിക്കുന്ന ഒരു കൗതുകമാണ്. 'മദ്ഫ അൽ ഇഫ്താർ' എന്നറിയപ്പെടുന്ന ഇഫ്താർ പീരങ്കി നോമ്പുതുറക്കാനുള്ള സമയമാണെന്ന് ആളുകളെ അറിയിക്കാൻ ദിവസം ഉപയോഗിക്കുന്നു. എ.ഡി 865ൽ റമദാനിന്‍റെ ആദ്യ ദിവസം സൂര്യാസ്തമയ സമയത്ത്, മംലൂക്ക് സുൽത്താൻ ഖോഷ് ഖദം തനിക്ക് ലഭിച്ച ഒരു പുതിയ പീരങ്കി പരീക്ഷിക്കാൻ ആഗ്രഹിച്ചതിൽനിന്നാണ് ഈ പാരമ്പര്യത്തിന്‍റെ തുടക്കമെന്ന് ചില ഗവേഷകർ പറയുന്നു. യാദൃച്ഛികമെന്നു പറയട്ടെ, മഗ്‌രിബ് നമസ്‌കാരസമയത്താണ് ആദ്യമായി വെടിയുതിർത്തത്.

ഈ ശബ്ദം നോമ്പ് തുറക്കുന്നതിന്‍റെ സൂചനയാണെന്ന് വിശ്വസിച്ച പ്രദേശവാസികൾ പുതിയ രീതിയെ സ്വാഗതംചെയ്തു. തുടർന്ന് റമദാനിലെ എല്ലാ ദിവസവും പീരങ്കിവെടി മുഴക്കുന്നത് പതിവായി. ഈ സമ്പ്രദായം പിന്നീട് എല്ലാ അറബ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയും റമദാനിന്‍റെ പ്രധാന ഭാഗമായി മാറുകയും ചെയ്തു.

റമദാൻ ആരംഭത്തിലും തുടർന്ന് ഓരോ ദിവസവും നോമ്പുതുറ സമയത്തും പീരങ്കി വെടിയൊച്ച മുഴങ്ങും. ശബ്‌ദം വ്യക്തമായി പ്രതിധ്വനിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പീരങ്കി എപ്പോഴും ഉയർന്ന സ്ഥലത്തുവെച്ചാണ് വെടി ഉതിർക്കുന്നത്. നോമ്പുതുറ സമയം അറിയാൻ മറ്റു സംവിധാനങ്ങളായെങ്കിലും ഈ പാരമ്പര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുകയാണ് ബഹ്റൈനി ജനത.

സൗദി അറേബ്യയിൽ, പ്രത്യേകിച്ച് മക്കയിലും മദീനയിലും 1920കളിലാണ് ഇഫ്താർ പീരങ്കി എത്തിയത്. പിന്നീടാണ് ബഹ്‌റൈനിലേക്കു കടന്നുവന്നത്. അവന്യൂസ്, അറാദ് ഫോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ പൗരന്മാർക്ക് റമദാൻ പീരങ്കി ചടങ്ങ് നേരിട്ട് കാണാൻ കഴിയും. ദേശീയ ടെലിവിഷനിൽ തത്സമയം സംപ്രേഷണവുമുണ്ട്. നിരവധി കുടുംബങ്ങൾ കുട്ടികളുമായി ഇഫ്താർ പീരങ്കി കാണാൻ എത്താറുണ്ട്.

Tags:    
News Summary - Iftar cannon as a reminder of tradition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.