മനാമ: റമദാൻ പ്രമാണിച്ച് പഴ വിപണിയിൽ എങ്ങും വിൽപന പൊടിപൊടിക്കുന്നു. ചൂട് കൂടുതലായതിനാൽ പഴങ്ങൾ ഉയർന്നതോതിൽ വിറ്റുപോകുന്നു
ണ്ട്. അതേസമയം വില ഉയർന്നിട്ടുമില്ല. എല്ലാരാജ്യങ്ങളിൽ നിന്നും യഥേഷ്ടം വിവിധ പഴങ്ങൾ എത്തിയതോടെയാണ് വിലനിലവാരത്തിൽ വർധനവ് ഉണ്ടാകാത്തതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വിവിധ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും എല്ലാം പഴവിപണിയിൽ വൻജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
നോമ്പുതുറ വിഭവങ്ങളിൽ പഴങ്ങൾക്കുള്ള ജനപ്രിയതയാണ് വിൽപനയിലും കാണുന്നത്.
ഒാറഞ്ചും ആപ്പിളും തണ്ണിമത്തനും മാങ്ങയും വാഴപ്പഴങ്ങളും എല്ലാം മുൻവർഷത്തെക്കാൾ കൂടി. ഇറച്ചി, മാംസത്തെക്കാൾ നോമ്പ് വിഭവങ്ങളിൽ പഴം, പച്ചക്കറി ഉത്പന്നങ്ങൾ ഉപയോഗപ്പെടുത്തുന്നതും വർധിച്ചതും വിൽപ്പന ഉയരാൻ കാരണമായിട്ടുണ്ട്. സെൻട്രൽ മാർക്കറ്റിൽ പഴവർഗങ്ങൾ വാങ്ങാൻ രാവിലെ മുതൽ തിരക്കാണ്. ഇവിടെ പെട്ടികളായാണ് വിൽപ്പന. ജനപ്രിയത ആപ്പിളിനും ഒാറഞ്ചിനും തണ്ണിമത്തനുമാണ്.
അമേരിക്ക, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 18 കിലോയുള്ള പെട്ടിക്ക് 11 ദിനാറാണ് താരമമ്യേന വില. ഇതിൽ അഞ്ച് ലെയറുകളുണ്ട്. ഒരു ലെയറിന് രണ്ടര ദിനാർ വിലയുണ്ട്. ജോർഡനിൽ നിന്നുള്ള വലിയ തണ്ണിമത്തനാണ് താരം. ഇതിന് മൂന്ന് കിലോക്ക് ഒരു ദിനാർ മുതൽ വിലയുണ്ട്. ഇൗജിപ്തിൽ നിന്നുളള തണ്ണിമത്തന് പെട്ടിക്ക് രണ്ടര ദിനാറാണ് വില. ഒാറഞ്ച് 13 കിലോയോളമുള്ള പെട്ടിക്ക് മൂന്നര മുതൽ നാലുവരെ ദിനാറാണ് വില. ഇന്ത്യയിൽ നിന്നുള്ള മധുരമൂറുന്ന അൽഫോൻസ മാമ്പഴത്തിന് കഷ്ടിച്ച് അഞ്ചുകിലോ വരുന്ന രണ്ട് പെട്ടികൾക്ക് നാല് മുതൽ നാലര ദിനാർ വരെയുണ്ട്.
ജോർഡൻ ഷമാം ആറ് എണ്ണമുള്ള പെട്ടി മൂന്നര ദിനാറിനും ലഭിക്കുന്നുണ്ട്. അതേസമയം മുന്തിരിക്ക് ആവശ്യക്കാർ കുറവാണന്നും പറയുന്നു. പഴുത്തത് എത്താനുള്ള കാലതാമസമാണ് ഇതിന് കാരണം. വാഴപ്പഴങ്ങൾക്കും ഏറെ വിൽപ്പനയുണ്ട്. പെട്ടികൾക്ക് സെൻട്രൽ മാർക്കറ്റിൽ നാല് മുതൽ ഏഴ് ദിനാർ വരെയാണ് വില.
ഷോപ്പിങ് മാളുകളിൽ പഴത്തിന് ഒാഫറുകളും നൽകുന്നുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ വിൽപ്പനയിൽ വൻ വർധനവ് ഉണ്ടായിട്ടുള്ളതായി ലുലു ഹൈപ്പർമാർക്കറ്റ് പഴം, പച്ചക്കറി വിഭാഗം അധികൃതർ പറഞ്ഞു. ഇന്തോനേഷ്യ,മലേഷ്യ,തായ്ലൻറ്,വിയറ്റ് നാം, കെനിയ, ഉഗാണ്ട,ശ്രീലങ്ക,ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പഴങ്ങളാണ് ബഹ്റൈനിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.