കെ.​എ. ഷെ​ഫീ​ഖ്

ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന ഭരണം -കെ.എ. ഷെഫീഖ്

മനാമ: ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന ഭരണമാണ് ഇന്ത്യയിലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് പറഞ്ഞു. ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.

അടിയന്തരാവസ്ഥയുടെ ചെറിയ കാലഘട്ടം മാറ്റിനിർത്തിയാൽ സ്വാതന്ത്ര്യാനന്തരമുള്ള സർക്കാറുകളെല്ലാം ഭരണഘടനയെ മാനിച്ചാണ് ഭരണം നടത്തിയിരുന്നത്. എന്നാൽ, ജനങ്ങളുടെ മൗലികാവകാശങ്ങളും പൗരാവകാശങ്ങളും റദ്ദാക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് എതിരായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥ. രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചതിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട്.

ഹിന്ദുത്വ ദേശീയത ഉയർത്തിപ്പിടിച്ച് ഹിന്ദു ഏകീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിനോട് മൃദുവായ സമീപനമാണ് കോൺഗ്രസും ഇടതുപക്ഷവും പ്രാദേശിക സോഷ്യലിസ്റ്റ് പാർട്ടികളും സ്വീകരിച്ചത്. ഹിന്ദുത്വ അജണ്ട ഉയർത്തുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിന് പകരം സംഘ്പരിവാർ ഉന്നയിക്കുന്ന വിഷയങ്ങൾക്കുള്ളിൽനിന്നാണ് അവരും സംസാരിക്കുന്നത്.

ഇന്ത്യയെ ഒരു പ്രത്യേക ദിശയിലേക്ക് കൊണ്ടുപോവുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതിനായി ചില സമുദായങ്ങളെ അപരവത്കരിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ പ്രതിരോധം തീർക്കേണ്ടതിന് പകരം ബി.ജെ.പിയിലേക്ക് പോകുന്ന വോട്ടുകൾ തടയാൻ മാത്രമാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചത്. എന്നാൽ, ബി.ജെ.പിയുടെ വളർച്ച തടയാൻ അവർക്ക് കഴിഞ്ഞില്ല. 40 ശതമാനത്തിനടുത്ത് വോട്ട് വിഹിതമാണ് ബി.ജെ.പിക്കുള്ളത്. മറ്റ് പാർട്ടികൾക്ക് ഇതിനടുത്തുപോലും എത്താൻ കഴിഞ്ഞില്ല. ബി.ജെ.പിയുടെ വളർച്ചക്ക് മുന്നിൽ ഇതര പാർട്ടികളുടെയും നിലനിൽപ് ചോദ്യം ചെയ്യപ്പെടുന്നു.

സാമൂഹികനീതി പുലരുന്നതല്ല ഇന്ത്യൻ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിലും സാമൂഹിക ജനാധിപത്യം ഇവിടെ ഉണ്ടായിരുന്നില്ല. സാമൂഹികനീതി ഇല്ലാതെ ജനാധിപത്യം പൂർണമാകില്ല. സ്വാതന്ത്ര്യം നേടി 75 വർഷം കഴിഞ്ഞിട്ടും ദലിതുകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സാമൂഹിക ഘടനയിൽ കാര്യമായ പങ്കാളിത്തമില്ല.

ഇതിനെ അഭിമുഖീകരിക്കാൻ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ, നീതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയഘടന രൂപപ്പെടണമെന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത്. ഒരു അവകാശവാദവും ഉണ്ടായിരിക്കാൻ പാടില്ലാത്ത ജനസമൂഹമായി മുസ്‍ലിം സമൂഹം മാറുകയാണ്. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ ചെറിയ തോതിൽ സംവരണമുണ്ടെങ്കിലും നിയമനിർമാണ സഭകളിൽ മുസ്‍ലിംകൾക്ക് സംവരണമില്ല.

ഒരു സമുദായത്തെ ഒഴിവാക്കി മുന്നോട്ട് പോകുമ്പോൾ അത് ജനാധിപത്യമാകില്ല. മുസ്‍ലിംകൾക്ക് നിയമനിർമാണ സഭകളിൽ തുല്യമായ പ്രാതിനിധ്യം വേണം.

എസ്.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമമുള്ളതുപോലെ മുസ്‍ലിംകളുടെ സംരക്ഷണത്തിനും നിയമം കൊണ്ടുവരണം. എന്നാൽ, അക്കാര്യം ഉന്നയിക്കാൻപോലും രാഷ്ട്രീയ പാർട്ടികൾക്ക് ഭയമാണ്. വോട്ട് ലഭിക്കണമെങ്കിൽ മുസ്‍ലിംവിരുദ്ധത നിലനിർത്തണമെന്ന സാഹചര്യമാണ് നിലവിലുള്ളത്. മുസ്‍ലിം വിരുദ്ധതയിലാണ് ബി.ജെ.പി, ആർ.എസ്.എസ് നിലനിൽപ്. മറ്റ് പാർട്ടികളും ഈ നിലപാടിനോട് ചേരുന്നത് അങ്ങേയറ്റം അപകടകരമാണ്. മതനിരപേക്ഷ കക്ഷികൾ ഒന്നിച്ചാൽ മാത്രമേ ദേശീയതലത്തിൽ ബി.ജെ.പിയെ തോൽപിക്കാൻ കഴിയുകയുള്ളൂ.

ഇന്ത്യയിലെ 70-75 ശതമാനം വരുന്ന ജനവിഭാഗങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ കാലത്ത് സാന്നിധ്യംതന്നെ ഒരു രാഷ്ട്രീയ ദൗത്യമാണ്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വംശീയ, ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ചേരി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ബി.ജെ.പിയെ പുറത്താക്കി മതനിരപേക്ഷ കക്ഷികളുടെ ദേശീയ സർക്കാർ നിലവിൽ വരണം. തെരഞ്ഞെടുപ്പുകളിൽ അത്തരത്തിലുള്ള രാഷ്ട്രീയ സഖ്യത്തിനാണ് വെൽഫെയർ പാർട്ടി മുൻകൈയെടുക്കുക. വിലക്കയറ്റം, തൊഴിലില്ലായ്മ, ഭൂരഹിതർ തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ ജനങ്ങളെ ചേർത്തുനിർത്തി പോരാട്ടം നടത്തും.

കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫുമായുള്ള സഹകരണം പ്രാദേശിക വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. സാധ്യമായ സ്ഥലങ്ങളിൽ സ്വന്തംനിലയിൽ മത്സരിക്കാനാണ് വെൽഫെയർ പാർട്ടി ലക്ഷ്യമിടുന്നത്. അല്ലാത്ത സ്ഥലങ്ങളിൽ പ്രാദേശിക വിഷയങ്ങൾ നോക്കി മുന്നണികൾക്ക് പിന്തുണ നൽകും. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. രണ്ട് മുന്നണികൾക്കെതിരായും മത്സരിക്കുക എന്നതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ignoring the Constitution - K.A. Shefeeq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.