മനാമ: കുറഞ്ഞ വരുമാനക്കാര്‍ക്കായുള്ള ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) സംഘടിപ്പിച്ച രണ്ട് മാസത്തെ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസുകളുടെ ബിരുദദാനച്ചടങ്ങ് നടന്നു.
ബഹ്റൈനില്‍ താമസിക്കുന്ന ഏതു രാജ്യങ്ങളിലെയും താഴ്ന്ന വരുമാനക്കാര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ക്ലാസുകള്‍. ചെലവേറിയ പരിശീലന സ്ഥാപനങ്ങളുടെ ഫീസ് താങ്ങാന്‍ പറ്റാത്തവര്‍ക്കായാണ് ഐ.എല്‍.എയുടെ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോജക്ടുകളുടെ ഭാഗമായി ഇത് സംഘടിപ്പിച്ചത്.
ഇംഗ്ലീഷില്‍ അടിസ്ഥാന ആശയവിനിമയ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുക, ജോലിയിലും സാമൂഹിക ഇടപെടലുകളിലും കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ലക്ഷ്യം. ബിരുദദാനച്ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിങ് മുഖ്യാതിഥിയായി. ചടങ്ങിൽ മാക്സ്വെൽ ലീഡർഷിപ് സർട്ടിഫൈഡ് എക്സിക്യൂട്ടിവ് ഡയറക്ടറായ മിസ് ടോസിൻ അരോവോജോലു, ബഹ്റൈൻ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ഫാക്കൽറ്റി ഡോ. ഷിമിലി പി. ജോൺ എന്നിവരും പങ്കെടുത്തു.
സ്വസ്തി, ഡോ. റൂബി, നിഷ, സിസിലിയ എന്നിവരുൾപ്പെടെ വിദഗ്ധരായ അധ്യാപകരാണ് പരിശീലനം നൽകിയത്. ബിരുദദാനച്ചടങ്ങിൽ പഠിതാക്കൾ തന്നെ ഇംഗ്ലീഷിൽ പരിപാടി നിയന്ത്രിച്ചു. ഭാഷാ വൈദഗ്ധ്യവും നേതൃത്വശേഷിയും വളർത്തിയെടുക്കാൻ പഠിതാക്കൾക്ക് കഴിഞ്ഞതായി ഐ.എൽ.എ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.