ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ വിയോഗം യാക്കോബായ സഭക്ക് നികത്താനാകാത്ത വിടവാണ്. പകരക്കാരനില്ലാത്ത അമരക്കാരൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ സാധിക്കും. പ്രതിസന്ധിഘട്ടത്തിൽ യാതൊരു പ്രലോഭനങ്ങളിലും അകപ്പെടാതെ സഭയെ നയിച്ച പിതാവ് ക്രിസ്ത്യൻ സമൂഹത്തിന് മാത്രമല്ല മറ്റ് ഇതര മതവിഭാഗങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും ഭരണാധികാരികൾക്കും മാതൃകയാണ്.
സൗമ്യസ്വഭാവത്തിന് ഉടമയായ ബാവയോടൊപ്പം ചെറുപ്പകാലത്ത് വിശുദ്ധ മദ്ബഹയിൽ വി. കുർബാനയിൽ ശുശ്രൂഷിക്കാൻ ലഭിച്ച അവസരങ്ങൾ ജീവിതത്തിൽ അനുഗൃഹീത നിമിഷങ്ങളായി ഞാൻ കണക്കാക്കുന്നു. ബാവയുടെ ബഹ്റൈൻ സന്ദർശനവേളയിൽ അദ്ദേഹത്തെ വീണ്ടും കാണാനും സംസാരിക്കാനുമുള്ള സാഹചര്യമുണ്ടായി.
യാക്കോബായ സഭയിലെ അംഗങ്ങൾക്ക് സ്വന്തം പിതാവിനെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസിക ദുഃഖമാണ് ഈ അവസരത്തിൽ. യാക്കോബായ സഭയുടെ മുഖമായിരുന്നു ബാവ എന്ന കാര്യത്തിൽ തർക്കമില്ല. പിതാവ് സഭയെ നയിച്ച കാലഘട്ടത്തിൽ ആത്മീയമായും ഭൗതികമായും സഭ കൈവരിച്ച നേട്ടങ്ങൾ എണ്ണമറ്റതാണ്.
പ്രായാധിക്യത്തിലും ഓടി നടന്ന് സഭക്കും സമൂഹത്തിനും ബാവ ചെയ്ത പ്രവൃത്തികൾ വിലമതിക്കാനാവാത്തതാണ്. കോവിഡിനെയും, തലച്ചോറിലുണ്ടായ രക്തസ്രാവം പോലുള്ള മാരക അസുഖങ്ങളെ അതിജീവിച്ച് സഭയെ നയിക്കാൻ പിതാവിന് സാധിച്ചത് പ്രാർഥനാപൂർണമായ ജീവിതം ഒന്നുകൊണ്ടു മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.