മനാമ: ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഷോ മൂന്നാം പതിപ്പ് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 3 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജി.ജെ.സി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2,50,000 ലധികം ചതുരശ്ര അടി വിസ്തൃതിയിൽ നടക്കുന്ന ഷോയിൽ 500 ലധികം ജ്വല്ലറികൾ പങ്കെടുക്കും. ഷോയുടെ പ്രമോഷന്റെ ഭാഗമായി, ഇന്ത്യയിലുടനീളം നൂറിലധികം റോഡ് ഷോകൾ നടത്തി.
യു.എ.ഇ, ഖത്തർ, യു.കെ, ദുബൈ, ബഹ്റൈൻ, ബംഗ്ലാദേശ് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിപണികളിൽ ജ്വല്ലറി മീറ്റുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. എക്സിബിഷൻ പ്രമോട്ട് ചെയ്യുന്നതിനായി ബഹ്റൈനിൽ റോഡ് ഷോ നടത്തി. ജ്വല്ലറി റീട്ടെയിലർമാർ, മൊത്തക്കച്ചവടക്കാർ, നിർമാതാക്കൾ, വ്യാപാരികൾ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തി വ്യാപാരം അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യം.
ഇന്ത്യൻ ആഭരണനിർമാണ മേഖലുടെ വൈദഗ്ധ്യം ലോകെമെമ്പാടും പ്രചരിപ്പിക്കുകയും ലക്ഷ്യമാണ്. ആഭരണ ഇറക്കുമതി സംബന്ധിച്ച് ബഹ്റൈൻ സർക്കാറിൽനിന്ന് അനുകൂല നിലപാട് ലഭിക്കാനായി ചർച്ചകൾ നടക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.