മനാമ: ബഹ്റൈനിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ഇന്ത്യൻ എംബസി ഓപൺഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പീയൂഷ് ശ്രീവാസ്തവ അധ്യക്ഷത വഹിച്ചു. എംബസിയുടെ കോൺസുലർ ടീമും അഭിഭാഷക സമിതിയും സന്നിഹിതരായിരുന്നു. പരിപാടിയിൽ കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തൊഴിൽപ്രശ്നങ്ങളും ഉന്നയിക്കപ്പെട്ടു. ഏറെനാളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതികളിൽ സത്വരനടപടിയെടുക്കാൻ അംബാസഡർ നിർദേശം നൽകി. ഓപൺ ഹൗസിൽ ഉയർന്ന പരാതികളിൽ ഭൂരിഭാഗവും വിജയകരമായി പരിഹരിക്കാൻ കഴിഞ്ഞു.
ദുരിതത്തിലായ വീട്ടുജോലിക്കാർക്ക് താമസസൗകര്യമുൾെപ്പടെ ഏർപ്പെടുത്താൻ എംബസിയുടെ ക്രിയാത്മകമായ പ്രവർത്തനം വഴി സാധിച്ചിരുന്നു. ഐ.സി.ഡബ്ലു.എഫ് മുഖേന ദുരിതബാധിതരായ പ്രവാസികൾക്ക് മടക്ക ടിക്കറ്റടക്കം നൽകിയിരുന്നു. ഈ സഹായങ്ങൾ പൂർവാധികം ശക്തമായി തുടരുമെന്ന് അംബാസഡർ അറിയിച്ചു.
എല്ലാവർക്കും പ്രയോജനപ്രദമായ ഒന്നായി പരിപാടിയെ മാറ്റാൻ പ്രയത്നിച്ച ഇന്ത്യൻ സമൂഹത്തെയും സംഘടനകളെയും അംബാസഡർ പ്രശംസിച്ചു. തൊഴിൽനിയമങ്ങളെപ്പറ്റിയും പ്രശ്നങ്ങളെപ്പറ്റിയും ബോധവത്കരണം നടത്തുന്നതിനായി ഇന്ത്യൻ എംബസി പരിസരത്ത് ലേബർ ലേബർ രജിസ്ട്രേഷൻ പ്രോഗ്രാം വിജയകരമായി സംഘടിപ്പിക്കാൻ സഹായിച്ച മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റിക്ക് (എൽ.എം.ആർ.എ) അംബാസഡർ നന്ദി പറഞ്ഞു. ഏകദേശം 250 ഇന്ത്യക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.