മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) പ്രത്യേക അസംബ്ലി സംഘടിപ്പിച്ചും കാമ്പസിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും ദേശീയ വൃക്ഷവാരം ആചരിച്ചു. വൃക്ഷത്തൈ നടൽ, ഹരിത ഇടങ്ങൾ വിപുലീകരിക്കൽ തുടങ്ങിയ പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പരിപാടി എടുത്തുകാട്ടി.
ഈ ആഘോഷം 2035ഓടെ 3.6 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്ന ബഹ്റൈന്റെ ദേശീയ വനവത്കരണ പദ്ധതിയുമായി ഒത്തുചേരുന്നു. 2060ഓടെ പൂജ്യം കാർബൺ ഉദ്വമനം കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞബദ്ധതയുടെ ഭാഗമാണ് വാരാചരണം. 11, 12 ക്ലാസുകളിലെ പ്രത്യേക അസംബ്ലി, വൃക്ഷത്തൈ നടീൽ, പ്രകൃതി സംരക്ഷണ സംവാദം തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിൽ അവബോധം സൃഷ്ടിച്ചു.
സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനി സ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, യുനെസ്കോ കോഓഡിനേറ്റർമാർ, പ്രിഫെക്ട് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സീനിയർ വിഭാഗം പ്രധാനാധ്യാപകൻ റെജി വറുഗീസ്, ഹെഡ് ബോയ് ഷാൻ ഡയമണ്ട് ലൂയിസ്, ഹെഡ് ഗേൾ അബിഗെയ്ൽ എല്ലിസ് ഷിബു എന്നിവർ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് വിദ്യാർഥികളോട് സംസാരിച്ചു. സ്കൂൾ അധികൃതർ ദേശീയ വൃക്ഷ വാരാഘോഷത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെ അഭിനന്ദിച്ച് ഈ പുരോഗമന സംരംഭത്തെ പിന്തുണക്കുന്നതിന് സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.