മനാമ: പുതിയ പ്രതീക്ഷകളുമായി പുതുവർഷം എത്തുമ്പോൾ വികസനത്തിന്റെയും വളർച്ചയുടെയും പാതയിൽ മുന്നേറുകയാണ് ബഹ്റൈൻ. ഹമദ് രാജാവിന്റെ മാർഗദർശനത്തിലും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലും രാജ്യം വികസന രംഗത്ത് വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. വ്യവസായിക ഉൽപാദനരംഗത്ത് രാജ്യം കൈവരിച്ചിട്ടുള്ള വളർച്ച പുതുവർഷത്തിൽ വികസനരംഗത്തിന് വളരെയേറെ സഹായകമാകും.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭവും ഊര്‍ജമേഖലയിൽ നിര്‍ണായകവുമായ ബാപ്കോ ആധുനികവത്കരണ പദ്ധതി (ബി.എം.പി) കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക പുരോഗതിക്കും വികസനത്തിനും ശക്തി പകരാനും രാജ്യത്തിന്റെ ഊര്‍ജ പരിവര്‍ത്തന നയത്തെ വേഗത്തിലാക്കാനും ബി.എം.പിയുടെ പങ്ക് സഹായകമാകും.
അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന മേഖലയിലെയും ആഗോളതലത്തിലെയും ഏറ്റവും നൂതനമായ റിഫൈനറികളിലൊന്നായി ബാപ്കോ ഇതോടെ മാറിയിട്ടുണ്ട്. ബഹ്റൈന്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപമാണ് സുപ്രധാനമായ ഈ പദ്ധതി. 15 സബ് സ്റ്റേഷനുകളും 21 പുതിയ പ്രോസസിങ് യൂനിറ്റുകളും അടങ്ങുന്ന പദ്ധതി പ്രാദേശിക പങ്കാളികള്‍ക്കൊപ്പം പ്രമുഖ കമ്പനികളുടെ ആഗോള കണ്സോട്യമാണ് നടപ്പാക്കിയത്.
അൽബയും സൗദി അറേബ്യൻ മൈനിങ് കമ്പനിയും (മാദീൻ) പരസ്പരം സഹകരിക്കാനുള്ള തീരുമാനം രാജ്യത്തിന്റെ വളർച്ചയെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ സ്മെൽറ്ററുകളിലൊന്നായ (അയിരിൽനിന്ന് ലോഹം വേർതിരിച്ചെടുക്കുന്ന കമ്പനി) അൽബ രാജ്യത്തിന്റെ അഭിമാനമാണ്. പ്രതിവർഷം 1.62 ദശലക്ഷം മെട്രിക് ടൺ (mtpa) ഉൽപാദനശേഷിയുള്ള അൽബ 50 വർഷത്തെ പാരമ്പര്യമുള്ള ലോകത്തെ മുൻനിര അലൂമിനിയം സ്മെൽറ്ററാണ്. മാദീനുമായുള്ള സഹകരണത്തോടെ ഉൽപാദനശേഷി വിപുലീകരിക്കപ്പെടും. ബഹ്റൈനിന്റെ ജി.ഡി.പിയുടെ 14% വ്യവസായിക ഉൽപാദന വ്യവസായത്തിന്റെ സംഭാവനയാണെന്നതും ശ്രദ്ധേയമാണ്.
എന്നും നിക്ഷേപ സൗഹൃദ രാജ്യമായ ബഹ്റൈനിലെ വിദേശനിക്ഷേപം 399.2 ദശലക്ഷം ദീനാറായി എന്നതും പ്രതീക്ഷ നൽകുന്നതാണ്. ഉൽപാദനമേഖലക്ക് പുറമെ ടൂറിസം, ധനകാര്യ സേവന മേഖലകളിലും പുതിയ നിക്ഷേപം വരുന്നു. ഈ നിക്ഷേപങ്ങൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 5,400 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 ആദ്യ പാദത്തിൽ ജി.സി.സി രാജ്യങ്ങളുമായുള്ള ബഹ്റൈന്റെ വ്യാപാരം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മെച്ചപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മൊത്തം ബഹ്റൈൻ-ജി.സി.സി വ്യാപാരം ആറ് ശതമാനം വർധിച്ചു. മുൻവർഷം ഇതേ കാലയളവിൽ 2.24 ബില്യൺ ഡോളറായിരുന്നത് 2.38 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, ബഹ്റൈന്‍ എണ്ണയിതര മേഖലയിൽ 2.8% വാർഷിക വളർച്ചയാണുണ്ടായത്. യഥാർഥ ജി.ഡി.പിയുടെ 85.2% വരുന്ന സാമ്പത്തിക വളർച്ചയെ നയിക്കുന്നത് എണ്ണയിതര മേഖലയാണ്.
സാമ്പത്തിക രംഗത്ത് മാത്രമല്ല ഡിജിറ്റൽ പരിവർത്തനത്തിലും രാജ്യം മുന്നേറുകയാണ്. ലോകമെമ്പാടുമുള്ള ഡിജിറ്റൽ പരിവർത്തനത്തിലെ പുരോഗതിയുടെ സൂചകമായ 2024 ഗ്ലോബൽ ഡിജിറ്റലൈസേഷൻ ഇൻഡക്സിൽ (ജി.ഡി.ഐ) ബഹ്റൈൻ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ്. ആഗോളതലത്തിൽ 41ാം സ്ഥാനത്താണ് ബഹ്റൈൻ. ഹമദ് രാജാവിന്റെ വികസന നയങ്ങൾക്കനുസൃതമായി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ദേശീയ പദ്ധതി നടപ്പാക്കിവരുകയാണ്.
രാജ്യത്തെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായത് ടൂറിസം, ബിസിനസ് മേഖലകളിലെ ഉണർവിന്റെ ശക്തമായ സൂചനയാണ്. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട്, കിങ് ഫഹദ് കോസ്വേ, തുറമുഖങ്ങൾ എന്നിവ വഴി രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്.
പുതുവത്സരത്തിലും വലിയതോതിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് ബഹ്റൈനിലേക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ, ഫ്ലൈറ്റ് റിസർവേഷനുകളിലും ഹോട്ടൽ ബുക്കിങ്ങുകളിലും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഉയർന്ന തിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെയും (ബി.ടി.ഇ.എ) ശ്രമഫലമായി ഹോട്ടൽ സന്ദർശകരുടെ എണ്ണം കൂടിയതായി ഹോസ്പിറ്റാലിറ്റി രംഗത്തുള്ളവർ പറയുന്നു. ക്രൂയിസ് സീസണിന്റെ തിരിച്ചുവരവാണ് രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനക്ക് മറ്റൊരു കാരണം.
ഡിസംബറിൽ 12 ക്രൂയിസ് കപ്പലുകൾ ബഹ്റൈനിലെത്തി. കഴിഞ്ഞമാസം ആരംഭിച്ച് 2025 ഏപ്രിൽ വരെ നീളുന്ന കപ്പൽ സീസണിൽ ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് യൂറോപ്പിൽനിന്ന് 1,00,000 വിനോദസഞ്ചാരികളുമായി 40 ക്രൂയിസ് കപ്പലുകളുടെ വരവുണ്ടാകും.അടുത്തിടെ ഉദ്ഘാടനം ചെയ്ത ഹവാർ റിസോർട്ട്, ഹവാർ ദ്വീപുകളുടെ ദ്വീപ സമൂഹത്തിനായുള്ള മാസ്റ്റർ പ്ലാനിന് കീഴിൽ നടപ്പാക്കിയ ആദ്യത്തെ തന്ത്രപ്രധാന പദ്ധതിയാണ്. രാജ്യത്തിന്റെ ടൂറിസം ആകർഷണം വർധിപ്പിക്കുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.