മനാമ: തൊഴിൽ, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി ഈ വർഷം ഇതുവരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയത് 56,412 പരിശോധനകൾ. പരിശോധനകളെത്തുടർന്ന് 6,925 പേരെ നാടുകടത്തി.
ഡിസംബർ 22 മുതൽ 28 വരെ 817 പരിശോധനകൾ നടത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 154 പേരെ നാടുകടത്തി. 14 സംയുക്ത കാമ്പയിനുകൾ നടത്തുകയും 43 നിയമലംഘകരെ കണ്ടെത്തുകയും ചെയ്തു. സംയുക്ത പ്രചാരണങ്ങൾ കൂടുതലും കേന്ദ്രീകരിച്ചത് കാപിറ്റൽ ഗവർണറേറ്റിലാണ് (10). സതേൺ ഗവർണറേറ്റിൽ രണ്ടും മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകൾ ഒന്ന് വീതവും പരിശോധനകൾ നടത്തി.
ദേശീയത, പാസ്പോർട്ട്, താമസകാര്യങ്ങൾ, അതത് ഗവർണറേറ്റിന്റെ പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ്, ആൾട്ടർനേറ്റിവ് സെൻസിങ് എന്നിവയുമായി സഹകരിച്ചാണ് പരിശോധനകൾ നടന്നത്. വ്യവസായ വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റിസ് അഫയേഴ്സ് ആൻഡ് അഗ്രികൾചർ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾ പങ്കാളികളായിരുന്നു.
തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നതാണ് നിലപാട്. ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗം തടയുന്നതിനും ടൂറിസ്റ്റ് വിസയിലെത്തി തൊഴിൽ തേടുന്നത് തടയാനുമായി രാജ്യം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകൾ നൽകുന്ന ശരിയായ പെർമിറ്റുകളില്ലാതെ ജോലിക്കായി എത്തുന്നവരെ പിടികൂടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പുവരുത്താനും തൊഴിലില്ലായ്മ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.