മനാമ: പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സ്കൂൾ ഭൗമ ദിനം ആഘോഷിച്ചു. ‘മരങ്ങളെയും ഭൂമിയെയും സംരക്ഷിക്കുക’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വൈവിധ്യമാർന്ന പരിപാടികളോടെയായിരുന്നു ആഘോഷം. ഭൗമദിനത്തെ അടയാളപ്പെടുത്തുന്നതിനായി മിഡിൽ സെക്ഷൻ ക്ലാസുകൾ അസംബ്ലികൾ സംഘടിപ്പിച്ചു.
അഞ്ചാം ക്ലാസിലെ ആരാധ്യ രമേശനും ഏഴാം ക്ലാസിലെ അദിതി സജിത്തും പരിസ്ഥിതി അവബോധം പകരുന്ന പ്രഭാഷണങ്ങൾ നടത്തി.
കൂടാതെ അഞ്ചും ആറും ഗ്രേഡുകളിലെ വിദ്യാർഥികൾ പ്രകൃതിയുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുകയും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ദോഷഫലങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സ്കിറ്റ് അവതരിപ്പിച്ചു. അഞ്ചാം ക്ലാസിലെ ജോൺ പോൾ ലിറ്റോ സ്കൂൾ വാർത്തകളും വാതീൻ ഖാലിദ് അൽഹർബി അന്താരാഷ്ട്ര വാർത്തകളും പങ്കിട്ടു.
അഞ്ചാം ക്ലാസിലെ പ്രീത് മെഹുലും ഹന്ന മെനസിസും ഏഴിലെ ഗൗരിനന്ദ കൃഷ്ണദാസും റിയോണ മിൽട്ടനും അവതാരകരായിരുന്നു. ഏഴിലെ വിദ്യാർഥികൾ ഫ്യൂഷൻ നൃത്തം അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പതിച്ച പ്ലക്കാർഡുകളും ചാർട്ടുകളും കുട്ടികൾ പ്രദർശിപ്പിച്ചു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാന അധ്യാപികമാരായ ശ്രീജ പ്രമോദ് ദാസ്, ആൻലി ജോസഫ് എന്നിവർ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ് പങ്കെടുത്തു. ആറും ഏഴും എട്ടും ക്ലാസുകളിലെ വിദ്യാർഥികൾ അമൂല്യമായ പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണത്തിനായി വാദിക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ പങ്കെടുത്ത വിദ്യാർഥികളെയും പ്രചോദനം നൽകിയ അധ്യാപകരെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.