മനാമ: ഇന്ത്യന്‍ സ്കൂളിൽ ഫീസിനത്തില്‍ ഓരോ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ സാധാരണക്കാരായ രക്ഷിതാക്കളില്‍നിന്ന് പിരിച്ചെടുക്കുന്ന ഫണ്ട് സ്കൂളിനകത്തും പുറത്തുമുള്ള മറ്റു പല കാര്യങ്ങള്‍ക്കുമായി വകമാറ്റി ചെലവഴിക്കുകയാണ് ഭരണസമിതി ചെയ്തതെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2022 ഡിസംബറില്‍ ലോണ്‍ അടച്ച് തീര്‍ന്ന് ഇന്ത്യന്‍ സമൂഹത്തിനും രക്ഷിതാക്കള്‍ക്കും സ്വന്തമാകേണ്ടിയിരുന്ന റിഫാ കാന്പസ് ഇന്നും കടക്കെണിയില്‍പെട്ടു കിടക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഇപ്പോഴത്തെ കമ്മിറ്റിക്കാണ്.
തിരിച്ചടവിന് വേണ്ടിയുള്ള തുക കുട്ടികളില്‍ നിന്നും പിരിച്ചെടുത്തിട്ടും അത് ചെയ്യാതിരുന്ന ഭരണസമിതിക്ക് വലിയ വീഴ്ചയാണുണ്ടായത്. ഇക്കാര്യങ്ങൾ കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ ബോഡി പാസാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ വ്യക്തമാകും.
നിലവിലെ സാഹചര്യത്തിൽ സ്കൂളില്‍ ഒരു അഡ്മിഷന് വേണ്ടി രക്ഷിതാക്കള്‍ക്ക് ഇടനിലക്കാരന്റെ കാലില്‍ വീഴേണ്ട ഗതികേടാണുള്ളതെന്നും യു.പി.പി ആരോപിച്ചു. 12,500 കുട്ടികള്‍ക്ക് പഠനസൗകര്യം ഉണ്ടായിരുന്നിട്ടും, പുതിയ കുട്ടികള്‍ക്ക് അഡ്മിഷന് നൽകുന്നില്ലെന്നും യു.പി.പി നേതാക്കള്‍ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തില്‍ സ്ഥാനാർഥികളായ ബിജു ജോർജ്, ഹരീഷ് നായര്‍, ഡോ. സുരേഷ് സുബ്രഹ്മണ്യന്, ശ്രീദേവി, ട്രീസ ആന്റണി (സീന ആന്റണി), അബ്ദുല്‍ മന്‍ഷീര്‍, ജാവേദ് ടി.സി.എ എന്നിവരും യു.പി പി നേതാക്കളായ എഫ്.എം. ഫൈസല്‍, ജ്യോതി പണിക്കര്‍, അബ്ദുല്‍ സഹീര്‍, ജാവേദ് പാഷ, സെയ്ദ് ഹനീഫ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.