മനാമ: സ്പേസ് ആൻഡ് സാറ്റലൈറ്റ് പ്രഫഷനൽസ് ഇന്റർനാഷനലിന്റെ ‘20 അണ്ടർ 35’ ഫ്യൂച്ചർ ലീഡേഴ്സ് അവാർഡ് സ്പേസ് എൻജിനീയർ യാക്കൂബ് അൽ കസാബ് നേടി. അറബ്, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്ന് അവാർഡ് നേടിയ ഏക വ്യക്തിയാണ് അൽ ഖസാബ്.
സാറ്റലൈറ്റ് നിർമാണത്തിലെ അക്കാദമികവും തൊഴിൽപരവുമായ മികവിനും പ്രാദേശികമായും ആഗോളതലത്തിലും ഈ നിർണായക മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ബഹിരാകാശ വ്യവസായവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധരായ വിധികർത്താക്കളുടെ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഹമദ് രാജാവിന്റെ വീക്ഷണവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങളുമനുസരിച്ച് ശാസ്ത്രമേഖലയിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടത്തിന്റെ പ്രതിഫലനമാണിതെന്ന് നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ. എസ്.എസ്.എ) സി.ഇ.ഒ ഡോ. മുഹമ്മദ് അൽ അസീരി പറഞ്ഞു.
ഈ നേട്ടത്തിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണ തുടർന്നു.
ബഹിരാകാശ, ഉപഗ്രഹ വ്യവസായത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മികച്ച പ്രതിഭകളെ ആകർഷിക്കാനാണ് 1983ൽ സ്പേസ് ആൻഡ് സാറ്റലൈറ്റ് പ്രഫഷനൽസ് ഇന്റർനാഷനൽ സ്ഥാപിതമായത്. 40ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,800ലധികം പ്രഫഷനൽ അംഗങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.