മനാമ: ജനങ്ങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും വൻ പരാജയമായ കേന്ദ്രസർക്കാർ ഭരണപരാജയം മറച്ചുവെക്കാനായി ഇസ്ലാമോഫോബിയ മനഃപൂർവം പ്രചരിപ്പിക്കുകയാണെന്ന് ചിന്തകനും പ്രഭാഷകനുമായ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ വ്യക്തമാക്കി. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ നഗ്നമായ വർഗീയതയും കലാപവുമാണ് മോദി ജനങ്ങൾക്ക് സമ്മാനിച്ചത്. എന്നാൽ ഗുജറാത്ത് മോഡൽ വികസനമെന്ന പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിച്ച് ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തി. എന്നാൽ വികസനം എന്ന അവകാശവാദം പൊള്ളയായിരുന്നെന്ന് ജനങ്ങൾക്ക് മനസ്സിലായി. അത് ചർച്ചയാകാതിരിക്കാനായി ഇസ്ലാമിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയാണെന്ന് അദ്ദേഹം ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
പ്രതിപക്ഷ കക്ഷികളുടെ ഇൻഡ്യ സഖ്യത്തെ ബി.ജെ.പി ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഭാരതം എന്ന് രാജ്യത്തിന്റെ പേരു മാറ്റാൻ തുനിയുന്നത്. ഈ യാഥാർഥ്യം മനസ്സിലാക്കി സ്വാർഥ താൽപര്യങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി അണിനിരക്കാൻ ഇൻഡ്യയിലെ ഘടകകക്ഷികൾക്ക് കഴിയണം. കേരളത്തിലും മതസൗഹാർദവും സാമുദായിക മൈത്രിയും തകർക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നത്.
ഹിന്ദുത്വയിലൂന്നിയ സംഘ്പരിവാറിന്റെ ഈ അജണ്ടക്ക് മതനിരപേക്ഷകരായ വ്യക്തികളും ചില മാധ്യമങ്ങളും വശംവദരാകുന്നു എന്നത് ഖേദകരമാണ്. കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് സ്ഫോടനം ഉണ്ടായപ്പോൾ അതിന്റെ ഉത്തരവാദിത്തം ഇസ്ലാമിനെതിരെ കെട്ടിവെക്കാൻ ചിലർ ശ്രമിച്ചത് ഇസ്ലാമോഫോബിയ പടർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ അജണ്ട തിരിച്ചറിയാൻ എല്ലാ മതവിശ്വാസികൾക്കും സാധിക്കണം. ദീർഘമായ സ്വാതന്ത്ര്യസമര ചരിത്രമുള്ള ഇന്ത്യ എക്കാലത്തും ഫലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ ഇപ്പോൾ വ്യക്തതയില്ലാത്ത നിലപാടാണ് ഇന്ത്യൻ സർക്കാരിന്റേത് എന്നത് ഖേദകരമാണ്.
ഐക്യരാഷ്ട്ര സഭയുടെ അനേകം പ്രമേയങ്ങൾ ഇസ്രായേലിനെതിരെയുണ്ട്. ഈ സാഹചര്യത്തിൽ ഇസ്രായേൽ അനുകൂല നിലപാട് ഇന്ത്യയിൽ പ്രചരിക്കപ്പെടുന്നു എന്നത് ഇന്ത്യ നാളുകളായി തുടരുന്ന മതേതര പാരമ്പര്യത്തിന് വിരുദ്ധമാണ്. സംഘ്പരിവാറിന്റെ വംശീയ അജണ്ടകളിൽ തെറ്റിദ്ധരിക്കപ്പെട്ട് ചില വിഭാഗങ്ങളും ആ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ രാജ്യത്തിന്റെ പൊതുവികാരം ഫലസ്തീന് അനുകൂലമാണ് എന്നാണ് രാജ്യമെമ്പാടുമുള്ള യുദ്ധവിരുദ്ധ പരിപാടികളിൽനിന്ന് വ്യക്തമാകുന്നത്.
കേരളത്തിലും ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളുണ്ട്. െജൻഡർ ന്യൂട്രാലിറ്റി പോലുള്ള വിഷയങ്ങൾ പ്രചരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് അതിന്റെ ഭാഗമായാണ്. മദ്യം വ്യാപിപ്പിക്കുകയും മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് കപടമാണ്. ആശയസംവാദങ്ങൾക്ക് വേദിയും അവസരവും ഇല്ലാതാക്കുന്നത് മതസൗഹാർദത്തിനും മതേതരത്വത്തിനും അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.