മനാമ: ഇതിഹാസ ഫുട്ബാൾ താരം സ്റ്റീവൻ ജെറാഡിനെ പരിശീലകനായി നിയമിച്ചെന്ന് സൗദി അറേബ്യ പ്രോ ലീഗ് ടീമായ അൽ ഇത്തിഫാക്കിന്റെ സ്ഥിരീകരണം പുറത്തുവരുമ്പോൾ ആകാംക്ഷയിലാണ് ബഹ്റൈനിലെ കായിക പ്രേമികൾ. രണ്ടുവർഷത്തെ കരാറിലാണ് ജെറാഡ് ഒപ്പുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് ലീഗിലെ പ്രമുഖ താരമായിരുന്ന അദ്ദേഹം താമസത്തിന് ബഹ്റൈൻ തിരഞ്ഞെടുക്കുമെന്ന വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. സാറിലെ സെന്റ് ക്രിസ്റ്റഫർ സ്കൂളിൽ ഇളയ മക്കളായ ലൂർദിനെയും ലിയോയെയും ചേർക്കാനായെത്തിയ ജെറാഡ് സ്കൂളിലെ സുരക്ഷ ജീവനക്കാരനോടൊപ്പമെടുത്ത ഫോട്ടോ ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ബഹ്റൈനിൽ അദ്ദേഹം വില്ല അന്വേഷിക്കുകയാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹവും അൽ ഇത്തിഫാക്കുമായുള്ള കരാർ അനിശ്ചതത്വത്തിലായതോടെ ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരുന്നു. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് സ്റ്റീവൻ ജെറാഡിനെ പരിശീലകനായി നിയമിച്ചെന്ന് അൽ ഇത്തിഫാക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ബഹ്റൈനിൽ അദ്ദേഹം താമസിക്കുമെന്ന പ്രതീക്ഷകൾക്കും വീണ്ടും ചിറകു മുളച്ചു.
കോസ് വേ വഴി എളുപ്പത്തിൽ സൗദിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകാൻ സാധിക്കുമെന്നതും ബഹ്റൈൻ ടൂറിസ്റ്റ് ലക്ഷ്യ സ്ഥാനമായി വികസിച്ചു കൊണ്ടിരിക്കുകയാണെന്നതുമാണ് താരങ്ങളെയുൾപ്പെടെ ഇങ്ങോട്ടാകർഷിക്കുന്ന ഘടകം. 43കാരനായ മുൻ ലിവർപൂൾ ക്യാപ്റ്റൻ, ആസ്റ്റൺ വില്ല ക്ലബിന്റെ പരിശീലകനായി തുടരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ആസ്റ്റൺ വില്ലയുടെ പരിശീലകസ്ഥാനം അദ്ദേഹം ഉപേക്ഷിച്ചിരുന്നു. മുൻ മോഡലായ അലക്സ് കുറനാണ് ഭാര്യ. ദമ്പതികൾക്ക് രണ്ട് മൂത്ത പെൺമക്കൾ കൂടിയുണ്ട് ലില്ലിയും ലെക്സിയും.
10.8 ദശലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്സാണ് താരത്തിനുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അൽ നാസർ ക്ലബും കരീം ബെൻസേമയുമായി അൽ ഇത്തിഹാദും കരാർ ഒപ്പിട്ടതിനുശേഷമാണ് ലിവർപൂൾ ഇതിഹാസം ജെറാഡ് സൗദി ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. പോർചുഗീസ് വിങ്ങർ ജോട്ട (ജാവോ പെഡ്രോ നെവസ് ഫിലിപ്)യും അൽ ഇത്തിഹാദിൽ ചേർന്നിട്ടുണ്ട്. എൻഗോളോ കാന്റെയും അൽ ഇത്തിഹാദിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.