മനാമ: രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കി ഒതുക്കാൻ ശ്രമിക്കുന്ന ഇടതു സർക്കാറിന്റെ നടപടിയിൽ ബഹ്റൈൻ ഒ.ഐ.സി.സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കള്ളക്കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തു രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം എന്നാണ് ആഭ്യന്തര വകുപ്പ് കരുതുന്നത് എങ്കിൽ തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന അനുഭവമായിരിക്കും സർക്കാറിന് ഉണ്ടാവാൻ പോകുന്നത്. സംസ്ഥാനത്തെ ഡി.ജി.പി അടക്കം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും, ചീഫ് സെക്രട്ടറിയും മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും സ്ഥിരം സന്ദർശകരായിരുന്ന ഒരു സ്ഥലത്ത് കെ.പി.സി.സി പ്രസിഡന്റ് പോയി എന്നതാണ് ഉന്നയിക്കുന്ന ആരോപണം. അങ്ങനെ എങ്കിൽ പോയ എല്ലാ ആളുകളെയും കേസിൽ ഉൾപ്പെടുത്താൻ സർക്കാറിന് സാധിക്കുമോ.
എറണാകുളത്ത് വർഷങ്ങളോളം തട്ടിപ്പ് നടത്തിയ ആളെ യഥാസമയത്ത് കണ്ടെത്താൻ സാധിക്കാതെ പോയത് സർക്കാറിന്റെയും, പൊലീസിന്റെയും വീഴ്ച മാത്രമാണ്. നിരവധി ആക്ഷേപങ്ങളെയും, ആരോപണങ്ങളേയും നേരിടുന്ന സർക്കാർ അതിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനാണ് ശ്രമിക്കുന്നതെന്നും ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.