മനാമ: പതിറ്റാണ്ടുകളായി കടുത്ത യാത്ര ദുരിതമാണ് ഉത്തര മലബാറിലെ പ്രവാസികൾ നേരിട്ടിരുന്നത്. കണ്ണൂർ, കാസർകോട് ജില്ലയിലുള്ള പ്രവാസികൾക്ക് വിമാനം കയറണമെങ്കിൽ അഞ്ചും ആറും മണിക്കൂറുകൾ യാത്ര ചെയ്യണമെന്ന അവസ്ഥ. അത്യാവശ്യഘട്ടങ്ങളിൽ വലിയ വിമാനക്കൂലി മുടക്കിയാലും സമയത്ത് നാട്ടിലെത്താൻ മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല. കാലങ്ങളായുള്ള ആവശ്യമായിരുന്നു കണ്ണൂർ കേന്ദ്രമാക്കി ഒരു വിമാനത്താവളം. കൊതിച്ചു കൊതിച്ച് കാത്തിരുന്ന് വിമാനത്താവളം സഫലമായി. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം. ഏക ഗ്രീൻഫീൽഡ് വിമാനത്താവളവും. ഉത്തര മലബാറുകാരുടെ വികസന സ്വപ്നങ്ങൾ ചിറകു വിരിച്ചു. പക്ഷേ, യാത്രാദുരിതം മാറിയോ. ഇല്ല എന്നാണുത്തരം.
പ്രവർത്തനം തുടങ്ങിയിട്ട് അഞ്ചുവർഷമായിട്ടും കണ്ണൂർ വിമാനത്താവളത്തിൽനിന്നും വിദേശ വിമാനങ്ങൾക്ക് സർവീസുകൾ അനുവദിക്കാതെ കേന്ദ്ര സർക്കാർ ഉരുണ്ടുകളിക്കുന്നതാണ് കാണുന്നത്. വടക്കേ മലബാർ, വയനാട്. കര്‍ണാടകത്തിലെ കുടക്, മൈസൂരു, ഊട്ടി എന്നിവിടങ്ങളിലെയും ലക്ഷക്കണക്കിന് പ്രവാസികൾക്ക് പ്രയോജനപ്രദമായിരുന്നു വിമാനത്താവളം. എയർ ഇന്ത്യക്ക് പുറമെ അബൂദബി, ദുൈബ, ദമാം, മസ്കത്ത് തുടങ്ങിയ ഗള്‍ഫ് നഗരങ്ങളിലേക്ക് സര്‍വിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയത് കനത്ത തിരിച്ചടിയായി. വിമാനങ്ങള്‍ കുറഞ്ഞതോടെ നിരക്കുകള്‍ കുത്തനെ ഉയരുകയും ചെയ്തു. ഇൻഡിഗോയുടെ ആഭ്യന്തര സർവിസുകൾ മാത്രമാണ് എയർ ഇന്ത്യക്ക് പുറമെ ഇപ്പോഴുള്ളത്. വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ പറ്റിയ റണ്‍വേയാണ് കണ്ണൂരിലേത്. ആവശ്യമായ വിമാനങ്ങള്‍ ഇല്ലാത്തതുമൂലം ചരക്കുനീക്കം ഇപ്പോൾ പ്രതിസന്ധിയിലാണെന്നോർക്കണം.
കൂടുതൽ വിദേശ സർവിസുകൾ ആരംഭിച്ചില്ലെങ്കിൽ വിമാനത്താവളത്തിന്റെ അസ്ഥിത്വം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോൾ. എന്താണ് വിമാനത്താവളത്തെ രക്ഷിക്കാൻ നമുക്ക് ചെയ്യാനാകുന്നത്. വിമാനത്താവള വികസനത്തിന് തുരങ്കം വെക്കുന്നത് ആരൊക്കെയാണ്. സാമൂഹികപ്രവർത്തകർ സംസാരിക്കുന്നു.
കേന്ദ്രസർക്കാർ കണ്ണൂർ വിമാനത്താവളത്തോട് ചിറ്റമ്മ നയമാണ് തുടരുന്നത്. കണ്ണൂർ, കാസർകോട് ജില്ലയിലുള്ളവർ മാത്രമല്ല കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. കുടക്, മൈസൂർ പോലുള്ള കർണ്ണാടകയിലെ പ്രദേശവാസികളും വയനാട് ജില്ലക്കാരും വടകരപ്രദേശങ്ങളിലുള്ളവരും കണ്ണൂർ വിമാനത്താവളത്തിന്റെ ഗുണഭോക്താക്കളാണ്. നിലവിൽ ബഹ്റൈനിലേക്ക് ആഴ്ചതോറും രണ്ട് സർവിസ് മാത്രമാണ് എയർഇന്ത്യ നടത്തുന്നത്. കൂടുതൽ വിദേശ സർവിസ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയാറാകണം. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ബഹ്റൈൻ സന്ദർശനവേളയിൽ സാമൂഹികപ്രവർത്തകരുടെ യോഗത്തിൽ വിഷയം ഉന്നയിച്ചിരുന്നു. കണ്ണൂർ സ്വദേശി കൂടിയായ അദ്ദേഹം വിഷയം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താം എന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അവധിക്കാലമായിട്ടും യാത്രാ ദുരിതത്തിന് ഒരു പരിഹാരവുമില്ല. കേരളസർക്കാർ വിമാനത്താവള വികസനത്തോട് അനുഭാവപൂർവമായ നയമാണ് സ്വീകരിച്ചിട്ടുള്ളത്. കേരള സർക്കാർ വിമാനത്താവളവികസനത്തിന് ബജറ്റിൽ തുക നീക്കിവെച്ചിരുന്നു. കേന്ദ്രത്തിന്റെ നയം മൂലം അത് ഉപയോഗിക്കാൻ കഴിയുന്നില്ല. എല്ലാ എം.പി മാരും രാഷ്ട്രീയഭേദമന്യെ കേന്ദ്രസർക്കാർ നിലപാട് തിരുത്താനായി ഒന്നിക്കണം.
കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ സ്വപ്നം കാണുവാൻപോലും പറ്റാത്ത വേഗതയിൽ ആണ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കണ്ണൂർ വിമാനത്താവളത്തിന്റെ പണികൾ പൂർത്തിയാക്കിയത്. അതിനു ശേഷം വന്ന സർക്കാർ വേണ്ട രീതിയിൽ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താതെ വന്നതാണ് ഇന്നുള്ള പ്രതിസന്ധികൾക്ക് കാരണം. വിദേശ രാജ്യങ്ങളിൽനിന്ന് കൂടുതൽ വിമാനങ്ങൾ കണ്ണൂരിൽ എത്തിച്ചെങ്കിൽ മാത്രമേ ഇതിന് പരിഹാരം കാണുവാൻ സാധിക്കു. ടേബിൾ ടോപ്പ് വിമാനത്താവളങ്ങൾ ആയ കോഴിക്കോടിനും, മംഗലാപുരത്തിനും ഇല്ലാത്ത പ്രത്യേകതകൾ ഉള്ള വിമാനത്താവളം ആണ് കണ്ണൂരിലേത്. വലിയ വിമാനങ്ങൾക്ക് ഇവിടെ സുഗമമായി ലാൻഡ് ചെയ്യാം. കേന്ദ്ര ഗവണ്മെന്റിൽ ഉള്ള ഏക മലയാളി കണ്ണൂരിൽനിന്നുള്ള ആളാണ്. അദ്ദേഹത്തിന് ഈ കാര്യത്തിൽ വളരെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സംസ്ഥാന സർക്കാർ അടിയന്തരമായി സർവകക്ഷി പ്രതിനിധി സംഘത്തെ കേന്ദ്രത്തിലേക്ക് അയക്കുവാനും, കേന്ദ്ര ഗവണ്മെന്റിൽ സമ്മർദം ചെലത്തുവാനും ശ്രമിക്കണം.
ദക്ഷിണേന്ത്യയിലെ മികച്ച എയര്‍ കാര്‍ഗോ ഹബ്ബായി തലയെടുപ്പോടെ വളരേണ്ട വിമാനത്താവളമാണ് കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. എന്നാല്‍, കേരളത്തില്‍ ആയതിനാല്‍ മാത്രം കടുത്ത അവഗണനക്ക് പാത്രമായിരിക്കയാണ് കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ കണ്ണൂര്‍. അതിന്റെ ചിറകരിയുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ആവശ്യത്തിന് വിമാനങ്ങള്‍ അനുവദിക്കാതെ എങ്ങനെ യാത്രക്കാരെ ഇല്ലാതാക്കി വിമാനത്താവളം നോക്കുകുത്തിയാക്കാം എന്ന പരീക്ഷണമാണ് വ്യോമയാന മന്ത്രാലയം കണ്ണൂരില്‍ നടപ്പാക്കുന്നത്. പിറവികൊണ്ടിട്ട് നാലു വര്‍ഷം പിന്നിട്ടിട്ടും വിദേശ വിമാന സര്‍വിസ് ആരംഭിക്കാത്തതാണ് തിരിച്ചടിയായത്. പോയന്റ് ഓഫ് കോള്‍ പദവി നല്കാത്തതിനാല് വിദേശ വിമാനകമ്പനികള്‍ക്കു പ്രവര്‍ത്തനാനുമതിയില്ല.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് പോയന്റ് ഒഫ് കോള്‍ പദവി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിദേശ കമ്പനികളുടെ സര്‍വിസ് ആരംഭിക്കാനുള്ള അനുമതി കേന്ദ്രം തടയുന്നത്. എമിറേറ്റ്സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മലിന്‍ഡോ എയര്‍, സില്‍ക് എയര്‍ തുടങ്ങി ഒട്ടേറെ വിദേശ കമ്പനികള്‍ കണ്ണൂരില്‍നിന്ന് സര്‍വിസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അതു പോലും കണ്ടില്ലെന്ന് നടിച്ചു.
വൈഡ് ബോഡി വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ പറ്റിയ റണ്‍വേയാണ് കണ്ണൂരിലേത്. പ്രവര്‍ത്തനം ആരംഭിച്ചു പത്തു മാസം കൊണ്ടു 10 ലക്ഷം പേര് യാത്ര ചെയ്ത വിമാനത്താവളമാണ് ഇന്ന് കേന്ദ്ര സര്‍ക്കാറിന്റെ അവഗണന കൊണ്ടു പ്രവര്‍ത്തനം തന്നെ താളം തെറ്റുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം പ്രവാസികളും രാഷ്ട്രീയക്കാരും മറ്റു സംഘടനകളും ഉയര്‍ത്തികൊണ്ടു വരുന്നത് പ്രതീക്ഷ നല്കുന്നു.
കണ്ണൂർ വിമാനത്താവളത്തിന്റെ തുടക്കം മുതൽ യാത്രാനിരക്ക് മറ്റ് വിമാനത്താവളങ്ങളേക്കാൾ കൂടുതലാണ്. അതുകൊണ്ടു തന്നെ യാത്രക്കാർ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു. വിദേശ സർവിസുകൾ ഇല്ലാതെ വിമാനത്താവളത്തിന് പിടിച്ചുനിൽക്കാൻ കഴിയുകയില്ല. കേന്ദ്ര സർക്കാറിന്റെ അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണ്.
സ്ട്രെച്ചറിലുള്ള രോഗികളെ കൊണ്ടുപോകാൻ ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. മംഗലാപുരത്തെ ആശുപത്രികളിലെത്തിക്കേണ്ട രോഗികളെ ഉൾെപ്പടെ ഇപ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽനിന്നും റോഡ് മാർഗംകൊണ്ടുപോകേണ്ട അവസ്ഥയാണ്.
മൃതദേഹങ്ങൾ കൊണ്ടുപോകാനും ഈ പ്രശ്നം നേരിടുന്നു. പല വിമാനത്താവളങ്ങളിലും മൃതദേഹങ്ങൾ അനുവദിക്കുന്നില്ല. ചില വിമാനക്കമ്പനികളും ഈ സൗകര്യം അനുവദിക്കുന്നില്ല. കൂടുതൽ വിദേശ സർവിസുകൾ അനുവദിപ്പിക്കാൻ യോജിച്ച ശ്രമം വേണം.
വിമാനസർവിസുകളുടെ അഭാവം മൂലം തകർച്ചയിലേക്ക് നീങ്ങുന്ന കണ്ണൂർ എയർ പോർട്ട് നിലനിർത്തണമെങ്കിൽ വിമാന സർവിസുകളുടെ എണ്ണം വർധിപ്പിച്ചേ മതിയാകൂ. വിദേശ വിമാന കമ്പനികൾക്ക് സർവിസ് നടത്താൻ കഴിയുന്ന വിധത്തിൽ പോയന്റ് ഓഫ് കാൾ പദവി കണ്ണൂർ എയർപോർട്ടിന് നൽകാൻ കേന്ദ്രസർക്കാർ അടിയന്തരമായി നടപടിയെടുക്കണം.
എയർപോർട്ട് വികസനം എന്ന് പറഞ്ഞാൽ നിരവധി ഫ്ലൈറ്റുകൾ വന്നു പോകൽ മാത്രമല്ല, എയർപോർട്ടിന് ചുറ്റുമുള്ള സ്ഥലങ്ങളുടെ വികസനം കൂടി പ്രധാനമാണ്. എയർപോർട്ടിന് പുറത്തുള്ള വികസനം വന്നാൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെ അടക്കം ഇവിടേക്ക് ആകർഷിക്കാൻ സാധിക്കും. മികച്ച ഹോട്ടലുകൾ എയർപോർട്ടിന് സമീപമില്ലെന്നുള്ളത് വലിയ പോരായ്മയാണ്. പൈലറ്റുമാർക്കുൾെപ്പടെ ഡ്യൂട്ടി ട്രാൻസ്ഫറിങ്ങിന് ഹോട്ടൽ സൗകര്യം വേണം. പശ്ചാത്തല വികസനത്തിന് സംസ്ഥാന സർക്കാരും ശ്രദ്ധ പതിപ്പിക്കണം. രാഷ്ട്രീയത്തിനതീതമായ ഒറ്റക്കെട്ടായ പ്രവർത്തനം കാഴ്ചവെച്ചാൽ മാത്രമേ കണ്ണൂർ എയർപോർട്ടിനെ രക്ഷിക്കാനാകൂ.
കേരള സംസ്ഥാന സർക്കാറിന്റെയും പൊതുമേഖലയുടെയും പങ്കാളിത്തത്തോടെ യാഥാർഥ്യമായ കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണന നീതീകരിക്കാൻ കഴിയുന്നതല്ല. കേരളത്തിന്റെ വടക്കൻ ജില്ലകളിലെ വികസനത്തിനും യാത്രാസൗകര്യത്തിനും ഏറെ സഹായകമാകുന്ന കണ്ണൂർ വിമാനത്താവളം നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ ദയാവധത്തിന് കാത്തുകിടക്കുന്ന അവസ്ഥയിലാണ്.
പ്രവർത്തനം ആരംഭിച്ച ആദ്യ ഒമ്പത് മാസത്തിനുള്ളിൽ 10 ലക്ഷം പേർ യാത്ര ചെയ്ത വിമാനത്താവളത്തോടാണ് ഈ അവഗണന. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മുഖ്യപങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനപ്രദമായ കണ്ണൂർ വിമാനത്താവളം നിലനിർത്താനും കൂടുതൽ രാജ്യാന്തര സർവിസുകൾ കണ്ണൂരിൽ നിന്ന് ആരംഭിക്കാനും രാജ്യതാൽപര്യം ഉയർത്തിപ്പിടിക്കാനും കേന്ദ്ര സർക്കാർ തയാറാകണം. കണ്ണൂരിൽ നിന്ന് വിദേശ വിമാന സർവിസിനുള്ള അനുമതി നേടിയെടുക്കുന്നതിന് സമ്മർദം ചെലുത്താനും വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാനും സംസ്ഥാനത്തിന്റെ വിശാല വികസന താൽപര്യത്തിന് കക്ഷി ഭേദമന്യേ ശക്തമായ സാമൂഹിക രാഷ്ട്രീയ ഇടപെടൽ നടത്താനും രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകണം. സംസ്ഥാന സർക്കാർ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.