മനാമ: കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച കലാ, സാംസ്കാരിക, സാഹിത്യ മേള കെ.സി.എ -ബി.എഫ്.സി ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024നു തിരശ്ശീല വീണു. മത്സരങ്ങളിൽ 1200ലധികം കുട്ടികൾ പങ്കെടുത്തു. കുട്ടികളെ അഞ്ച് പ്രായവിഭാഗങ്ങളായി തിരിച്ചു 180ലധികം ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. അഞ്ച് വ്യത്യസ്ത വേദികളിലായി മത്സരങ്ങൾ നടന്നു.
ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 100 ടീമുകൾ മത്സരിച്ചു. ടീം ഇവന്റുകളിൽ റെക്കോഡ് പങ്കാളിത്തം ഈ വർഷം രേഖപ്പെടുത്തി. പത്ത് സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും ഡിസംബർ 16ന് വൈകുന്നേരം 5.30ന് കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ (സെഗായ) നടക്കും. ഇന്ത്യയിൽ നിന്നുള്ള ചലച്ചിത്ര-ഡബ്ബിങ് താരവും ടെലിവിഷൻ അവതാരകയുമായ മീനാക്ഷി രവീന്ദ്ര കുറുപ്പ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർമാൻ വർഗീസ് ജോസഫ് അറിയിച്ചു. 800ലധികം ട്രോഫികൾ വിജയികൾക്ക് വിതരണം ചെയ്യും.
ഫിനാലെയിൽ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
കലാതിലകം, കലാപ്രതിഭ, ഗ്രൂപ് ചാമ്പ്യൻഷിപ് , നാട്യരത്ന, സംഗീതരത്ന, കലാരത്ന, സാഹിത്യരത്ന, കെ.സി.എ സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ്, ബെസ്റ്റ് മ്യൂസിക് ടീച്ചർ, ബെസ്റ്റ് ഡാൻസ് ടീച്ചർ എന്നീ അവാർഡുകൾ ഫിനാലെയിൽ പ്രഖ്യാപിച്ചു വിതരണം ചെയ്യും.
എല്ലാവരെയും കുടുംബസമേതം ഫിനാലെയിലേക്ക് സ്വാഗതം ചെയ്യുന്നതായി കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു. പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും പിന്തുണ നൽകിയവർക്കും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.