മനാമ: കേരള ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവാസികൾ. പ്രളയവും കോവിഡും കാരണം തകർന്ന കേരളത്തിെൻറ സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാൻ ഒരു പദ്ധതിയും ബജറ്റിൽ ഇല്ലെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള യാഥാർഥ്യബോധമില്ലാത്ത ബജറ്റാണിത്. പ്രഖ്യാപനങ്ങൾക്കുള്ള ഫണ്ട് എവിടെനിന്ന് കണ്ടെത്തുമെന്ന് ഒരിടത്തും പറയുന്നില്ല.
പ്രവാസി പെൻഷൻ വർധിപ്പിക്കാനുള്ള പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെങ്കിലും മിനിമം പെൻഷൻ അയ്യായിരം രൂപയാക്കണമെന്ന പ്രവാസികളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചിട്ടില്ല. ഗൾഫ് നാടുകളിൽനിന്ന് സ്വദേശിവത്കരണവും കോവിഡും മൂലം നാട്ടിൽ തിരികെയെത്തുന്നവർക്ക് യോഗ്യത അനുസരിച്ചുള്ള ജോലികൾ നൽകാൻ ഒരു പദ്ധതിയും ബജറ്റിൽ ഇല്ലെന്നും ബിനു കുറ്റപ്പെടുത്തി.
സ്വാഗതാർഹം
മനാമ: പ്രവാസികൾക്കും ആരോഗ്യമേഖലക്കും വിദ്യാഭ്യാസ മേഖലക്കും ഉൗന്നൽ നൽകിയുള്ള ജനപ്രിയ ബജറ്റാണ് ഇടതു സർക്കാർ അവതരിപ്പിച്ചതെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. 100 കോടി രൂപയാണ് പ്രവാസി ക്ഷേമത്തിനായി ബജറ്റിൽ നീക്കിവെച്ചത്. ഇടതു സർക്കാർ നിലവിൽ വരുന്ന സന്ദർഭത്തിൽ 500 രൂപയായിരുന്ന പ്രവാസി ക്ഷേമപെൻഷൻ പിന്നീട് രണ്ടായിരം രൂപയാക്കി.
പുതിയ ബജറ്റിൽ തിരിച്ചുപോയവർക്കത് മൂവായിരവും പ്രവാസത്തിലുള്ളവർക്ക് 3500 രൂപയുമാക്കി ഉയർത്തിയ നടപടി തികച്ചും സ്വാഗതാർഹമാണ്. കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ കഴിവും ശേഷിയും ഉപയോഗപ്പെടുത്താനുള്ള ബജറ്റ് നിർദേശവും സ്വാഗതാർഹമാെണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിരാശജനകം –കെ.എം.സി.സി
മനാമ: എൽ.ഡി.എഫ് സര്‍ക്കാറിെൻറ അവസാന വര്‍ഷ ബജറ്റ് ഏറെ നിരാശജനകമാണെന്ന് കെ.എം.സി.സി. കോവിഡ് മൂലം പ്രതിസന്ധിയിലായവര്‍ക്ക് കൈത്താങ്ങാകുന്ന രീതിയിലുള്ള ഒന്നും ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാറിന് പദ്ധതികളൊന്നുമില്ലെന്ന് വ്യക്തമായി. പ്രവാസികളെ സംബന്ധിച്ച് നേരത്തേ നടത്തിയ പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കാതെ പ്രവാസികളെ വീണ്ടും വഞ്ചിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു.
പ്രവാസികൾക്ക് കൈത്താങ്ങാവും
മനാമ: ക്ഷേമനിധിയിൽ പെൻഷൻ തുക വർധിപ്പിച്ച ഇടതു സർക്കാറിെൻറ ബജറ്റ് പ്രഖ്യാപനം പ്രവാസികൾക്ക് കൈത്താങ്ങാകുമെന്ന് നവകേരള കോഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല പറഞ്ഞു. നെല്ലിനും നാളികേരത്തിനും തറവില നിശ്ചയിക്കുകയും റബറിെൻറ തറവില 170 രൂപ ആക്കുകയും സാധാരണ തൊഴിലാളികളെ ചേർത്തുപിടിക്കുകയും ചെയ്ത ജനകീയ ബജറ്റിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും ഷാജി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം
മനാമ: കേരള ബജറ്റ് കേവലം ചായക്കോപ്പയിലെ കൊടുങ്കാറ്റാണന്ന് ഒ.െഎ.സി.സി ഗ്ലോബൽ സെക്രട്ടറി ബഷീർ അമ്പലായി പറഞ്ഞു. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ബജറ്റ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാെണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളെ പരിഗണിച്ചു
മനാമ: കേരളത്തിെൻറ സാമ്പത്തിക നട്ടെല്ലായ പ്രവാസികളെ ഗൗരവമായി പരിഗണിച്ച ബജറ്റ് സ്വാഗതാർഹമാണെന്ന് സാമൂഹിക പ്രവർത്തകൻ കെ.ടി. സലിം പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ടി 100 കോടി രൂപ മാറ്റിവെച്ചതും പ്രവാസി പെൻഷൻ വർധിപ്പിച്ചതും ആശ്വാസകരമാണ്. ജനപ്രിയ ക്ഷേമ കാര്യങ്ങളുമായി സാധാരണക്കാരെ സഹായിച്ചുവരുന്ന സർക്കാറിെൻറ നയങ്ങൾക്ക് ജനങ്ങൾ നൽകിയ പിന്തുണ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.