ജമാൽ ഇരിങ്ങൽ
കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പുചൂടിലേക്ക് നീങ്ങുകയാണ്. സ്വാഭാവികമായും തെരഞ്ഞെടുപ്പിെൻറ വീറും വാശിയും പ്രവാസലോകത്തും അലയടിക്കും.കേന്ദ്രത്തിലും കേരളത്തിലും മാറിമാറി വരുന്ന സർക്കാറുകൾ പല വാഗ്ദാനങ്ങളും വോട്ടർമാർക്ക് നൽകാറുണ്ട്. ജനപ്രതിനിധികൾ അവരുടെ ഗൾഫ് സന്ദർശനവേളയിൽ നൽകുന്ന വലിയ വായിലെ വാഗ്ദാനങ്ങൾ അതിനു പുറമെയാണ്.
പ്രവാസികൾ നാടിെൻറ സാമ്പത്തികഘടനയുടെ നട്ടെല്ലാണ്. അവരെ പരിഗണിച്ചുകൊണ്ടു മാത്രമേ നാട്ടിൽ ഏതു സർക്കാറിനും മുന്നോട്ടുപോവാൻ സാധിക്കൂ.പ്രവാസികൾ നേരിടുന്ന പല പ്രശ്നങ്ങളും നാട്ടിലെ സർക്കാറുകൾ വിചാരിച്ചാൽ പരിഹരിക്കാം. പ്രവാസി വോട്ട് എന്നതിൽ ഇന്നും കൃത്യമായ തീരുമാനത്തിലെത്താൻ സാധിക്കാത്തത് ഉദാഹരണമാണ്.
ഗൾഫിലേക്കു വരുന്ന പ്രവാസികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനുള്ള ഏകജാലക സംവിധാനം ഏർപ്പെടുത്തുക എന്നത് സർക്കാറുകൾ മനസ്സുവെച്ചാൽ എളുപ്പത്തിൽ സാധിക്കും. ഓരോ രാജ്യത്തെയും തൊഴിൽ നിയമങ്ങളും മറ്റ് ആവശ്യമായ പ്രാഥമിക വിവരങ്ങളുമൊക്കെ ഇതിലൂടെ നൽകാൻ സാധിക്കും.
പല പ്രവാസികളും ഇതൊന്നുമറിയാതെ ഇവിടെ എത്തിപ്പെട്ടശേഷം അനുഭവിക്കുന്ന പ്രയാസങ്ങൾ നമുക്ക് അറിവുള്ളതല്ലേ. ഇവിടെ എത്തിയശേഷമാണ് തങ്ങൾ സെക്സ് റാക്കറ്റ്, പലിശമാഫിയ, വിസ-തൊഴിൽ തട്ടിപ്പ് തുടങ്ങിയ സംഘങ്ങളുടെ കൈകളിലാണ് എത്തിച്ചേർന്നതെന്ന് പലരും മനസ്സിലാക്കുക.
നോർക്ക, ലോക കേരള സഭ, പ്രവാസി കമീഷൻ പോലുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇനിയും നമ്മുടെ സർക്കാറുകൾക്ക് സാധിച്ചിട്ടില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ടാണ് ലോക കേരള സഭ നിലവിൽ വന്നത്.
ഉപരിവർഗ പ്രവാസികളാണ് പലപ്പോഴും മൊത്തം പ്രവാസ ലോകത്തിെൻറ പ്രതിനിധികളായി പല വേദികളിലും പ്രത്യക്ഷപ്പെടാറുള്ളത്. ഇതിലൊന്നും പലപ്പോഴും അടിസ്ഥാന വർഗമായ റസ്റ്റാറൻറ്, കൺസ്ട്രക്ഷൻ, കഫറ്റീരിയ, കോൾഡ് സ്റ്റോർ, വിവിധ റീട്ടെയിൽ ഷോപ്പുകൾ തുടങ്ങിയ ഇടങ്ങളിലെ തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ചക്കുപോലും വരാറില്ല. 25ഉം 50ഉം വർഷങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്ത് തിരിച്ചുപോവുമ്പോൾ തൊഴിലുടമകളിൽനിന്ന് അർഹമായ ആനുകൂല്യങ്ങൾ പലർക്കും ലഭിക്കാറില്ല.
പ്രവാസത്തിെൻറ മൊത്തം പരിച്ഛേദത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരം സമിതികൾ സർക്കാറുകളുടെ നിയന്ത്രണത്തിൽ നിലവിൽ ഇനിയും വരേണ്ടതുണ്ട്. അടിസ്ഥാന വർഗത്തിെൻറ പ്രശ്നങ്ങൾ ഇവിടങ്ങളിൽ ചർച്ചചെയ്യപ്പെടുകയോ, ഇനി ചർച്ച ചെയ്യപ്പെട്ടാൽതന്നെ അതിനുള്ള പരിഹാരങ്ങൾ പ്രായോഗികമായി സാക്ഷാത്കരിക്കപ്പെടുകയോ ചെയ്യാറില്ല എന്നതാണ് വാസ്തവം. കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ, അതത് രാജ്യങ്ങളിലെ എംബസി/കോൺസുലേറ്റ് പ്രതിനിധികൾ, കക്ഷി രാഷ്ട്രീയ ഭേദമന്യേ സാമൂഹിക, സന്നദ്ധ, സേവന സംഘടന പ്രതിനിധികൾ തുടങ്ങിയവരടങ്ങുന്ന സമിതികളാണ് രൂപപ്പെടേണ്ടത്. ഇതിനു സംസ്ഥാന സർക്കാറുകൾതന്നെയാണ് മുൻകൈ എടുക്കേണ്ടത്.
ഇത്തരം സ്ഥിരംസമിതികൾ ഉണ്ടായാൽ പല പ്രശ്നങ്ങൾക്കും പരിഹാരം എളുപ്പത്തിൽ കാണാൻ സാധിക്കും. നിലവിൽ പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരുടെയും വിവിധ സംഘടനകളുടെയും ഇടപെടലുകൾ മുഖേന പല പ്രശ്ങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്നുണ്ടെങ്കിലും അതൊന്നും ഒരു ശ്വാശ്വതപരിഹാരമല്ല എന്നും നാം ഓർക്കണം. എല്ലാ ഭാഗത്തുനിന്നും ശക്തമായ സമ്മർദങ്ങളും പ്രതിഷേധങ്ങളും ഉണ്ടായാൽ ഏതു സർക്കാറുകളെയും നമുക്ക് തിരുത്തിക്കാൻ കഴിയും. നമുക്കതിനുള്ള ഇച്ഛാശക്തിയും ഉറച്ച തീരുമാനവും വേണമെന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.