ചൈനയുടെ സാമൂഹിക ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്ന പുസ്തകമാണ് ഫർസാനയുടെ ഖയാൽ. ഭാവന എന്ന അർഥമുള്ള ഉർദു വാക്കാണ് പുസ്തകത്തിന് നൽകിയതെങ്കിലും ഭാവനക്കപ്പുറത്തുള്ള പദങ്ങളുടെയും വാചകങ്ങളുടെയും കനത്തോടെയാണ് ഓരോ അധ്യായവും അവസാനിക്കുന്നത്. ദൈവം നമ്മെ ഏൽപിച്ച സൂക്ഷിപ്പു മുതലുകളത്രെ സ്വപ്നങ്ങൾ. പ്രതീക്ഷയെന്ന ചെമ്പട്ടിൽ പൊതിഞ്ഞു നമ്മളവയെ കൊണ്ടുനടക്കണം. ഒരു നാളിൽ നിശ്ചയമായും വെളിച്ചത്തെ കണ്ടെത്തിയിരിക്കും.
ഒരിക്കലും മടുപ്പുവരാത്ത രാജ്യമെന്നാണ് ചൈനയെ എഴുത്തുകാരി വിശേഷിപ്പിച്ചത്. ‘‘അങ്ങനെയങ്ങനെയാണ് ചൈനക്കാരെല്ലാം സന്തോഷവാന്മാരും സന്തോഷവതികളുമാണെന്ന് നിനച്ച് അവിടെ ജീവിതം തുടരാൻ ഞാൻ തീരുമാനിച്ചത്. സന്തോഷം എന്നത് അതിനെ ചുറ്റിപ്പറ്റി നിൽക്കുന്നവരിലേക്കും പ്രസരിക്കുമല്ലോ!’’ തിരക്കുപിടിച്ച ഫോഷാൻ നഗരത്തിൽ താമസിക്കുന്ന എഴുത്തുകാരി അവിടങ്ങളിലെ ഓരോ മുക്കിലും മൂലയിലും കണ്ടറിഞ്ഞതിനെ തനത് ശൈലിയിൽ മനോഹരമായി ഒപ്പിയെടുത്തത് ഓരോ വായനക്കാരനും ചൈനയിൽ ജീവിക്കുന്ന പ്രതീതിയുണ്ടാക്കുന്നു. ചൈനീസ് ഐതിഹ്യങ്ങളെക്കുറിച്ച് വാചാലയാവുന്ന എഴുത്തുകാരി അവിടെയുള്ള മനുഷ്യരുടെ മനുഷ്യത്വത്തിന്റെ മാഹാത്മ്യത്തെ വാനോളം പുകഴ്ത്തുന്നുമുണ്ട്.
‘നീ ഹൗ’ എന്ന അഭിവാദ്യ രീതിയെയും ചൈനക്കാരുടെ ആതിഥ്യമര്യാദയെയും പലവുരു പ്രശംസിക്കുന്നുണ്ട്. ‘‘അല്ലെങ്കിലും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേര് പറഞ്ഞ് പരസ്പരം ഭിന്നിപ്പിക്കാൻ ആയിരം കാരണങ്ങൾ കണ്ടെത്താനായേക്കാം. ചേർത്തുപിടിക്കാനായി പക്ഷേ ‘മനുഷ്യൻ’ എന്ന ഒറ്റക്കാരണം മതിയല്ലോ!’’
മാധ്യമം ആഴ്ചപ്പതിപ്പിലും ദിനപത്രത്തിലും ആനുകാലിക സംഭവങ്ങളെക്കുറിച്ച് എഴുതാറുള്ള ഫർസാന തന്റെ രാഷ്ട്രീയ നിലപാടുകൾ ഈ പുസ്തകത്തിലൂടെ അതിസമർഥമായി വ്യക്തമാക്കുന്നുണ്ട്. ആർദ്രമായ രീതിയിൽ ഉമ്മയോർമകളും ഫർസാന ഈ പുസ്തകത്തിൽ പങ്കുവെക്കുന്നു. ‘വീടകവും കവിഞ്ഞൊഴുകിയ ഉമ്മസ്നേഹം’ എന്ന അധ്യായത്തിൽ മാതൃസ്നേഹം മനോഹരമായി വരച്ചു കാണിച്ചിട്ടുണ്ട് മലപ്പുറം വാഴക്കാട് സ്വദേശിനിയായ എഴുത്തുകാരി.
‘‘എങ്ങനെ ജീവിക്കണം എന്നെനിക്ക് ആരും പറഞ്ഞുതന്നിട്ടില്ല. പക്ഷേ, ഒരു സ്ത്രീ എങ്ങനെ ജീവിക്കരുത് എന്ന് കാണിച്ചു തന്നത് ഉമ്മതന്നെയാണ്’’. ‘‘എന്റെ ദൈവമേ, അടുക്കളയെ ഓരോ ഹൃദയാണുക്കളിലുമേറ്റി ജീവിച്ചു മരിച്ചുപോയ പാവങ്ങൾക്കായി എന്ത് ഉപഹാരമാണ് നീ അവിടെ കാത്തു വെച്ചിട്ടുള്ളത്? അവരെ നീയെങ്കിലും കൈവെടിയാതിരിക്കുക! പാനം ചെയ്യാൻ പാലരുവികളോ രുചിക്കാൻ മാന്ത്രികപ്പഴങ്ങളോ നീന്തിത്തുടിക്കാൻ പൊയ്കകളോ മാറ്റിവെക്കേണ്ട. പകരം അതിരറ്റ പാശത്തോടെ നീ അവരെയൊന്ന് തൊട്ടാൽ മാത്രം മതിയാവും.’’ മാതൃസ്നേഹം തുളുമ്പുന്ന വരികളിലൂടെ എഴുത്തുകാരി തന്റെ വിശ്വാസത്തെ മുറുകെ പിടിക്കുന്നു.
‘‘വൻമതിലിന് മുകളിൽ എത്തിപ്പെടാത്തവൻ ആരോ, അവൻ ധീരനല്ല’’ -മാവോയുടെ പ്രസിദ്ധമായ കവിതാശകലം പങ്കുവെച്ച എഴുത്തുകാരി വന്മതിൽ സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നുവെങ്കിലും ചൈനീസ് വന്മതിലിന്റെ പ്രത്യേകതകളും അതുമായി ബന്ധപ്പെട്ട വിവരങ്ങളും വായനക്കാർക്കായി എഴുതിച്ചേർത്തിട്ടുണ്ട്. ഏത് കഠിനമായ തണുപ്പിലും നമ്മെ അണച്ചുപിടിച്ച് ഇളം ചൂടേകാൻ ശേഷിയുള്ള അത്യപൂർവം ജനുസ്സിൽപെട്ട ചില പ്രത്യേകതരം മനുഷ്യരായിട്ട് ചൈനക്കാരെ പ്രകീർത്തിക്കുന്നുണ്ട്. ഈ കൃതി ചൈനീസ് സഞ്ചാരക്കുറിപ്പുകളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുമെന്നതിൽ സംശയമില്ല.
‘‘അല്ലെങ്കിലും, നമ്മളെ വില കൽപിക്കാത്തവർക്കൊപ്പം ഒരിക്കലും ആവാതിരിക്കുക എന്നതാണ് സ്വത്വത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി. ആത്മാഭിമാനത്തെക്കാൾ വലിയ രാഷ്ട്രീയം മനുഷ്യർക്ക് മറ്റെന്തുണ്ട്!’’ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈനിൽ കേരളീയ സമാജം സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ ലഭ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.