മനാമ: ബഹ്റൈനിലെ ആരോഗ്യ പരിചരണരംഗത്ത് മികവിന്റെ കേന്ദ്രമായി ഉമ്മുൽഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ. മിതമായ ചെലവിൽ മികവുറ്റ ആരോഗ്യ സംരക്ഷണവും ആധുനിക ചികിത്സാസംവിധാനങ്ങളും രോഗീസൗഹൃദ അന്തരീക്ഷവുമാണ് ഹോസ്പിറ്റലിന്റെ പ്രത്യേകതയെന്ന് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഷെരീഫ് എം. സഹദുല്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ഹോസ്പിറ്റൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. അതിന് മുമ്പ്, 2020 ജൂൺ മുതൽ കോവിഡ് പരിചരണകേന്ദ്രമായി പ്രവർത്തനം തുടങ്ങിയിരുന്നു. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്നാണ് കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ കോവിഡ് ചികിത്സാകേന്ദ്രം ഒരുക്കിയത്. ഗുരുതരാവസ്ഥിയിൽ അല്ലാത്ത ആയിരത്തോളം കോവിഡ് രോഗികൾക്ക് ഇവിടെ പരിഹരണം നൽകി. ചികിത്സാകാലത്ത് ഒരു മരണംപോലും റിപ്പോർട്ട് ചെയ്തില്ല എന്ന നേട്ടവും കൈവരിച്ചു. ബഹ്റൈൻ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് നടത്തിയ കോവിഡ് പരിചരണം ഹോസ്പിറ്റലിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ്.
75 കിടക്കകളുള്ള ആശുപത്രിയിൽ നിലവിൽ 40ഓളം ഡോക്ടർമാരുടെ സേവനമുണ്ട്. ബഹ്റൈനിലെ ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ആരോഗ്യസേവനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഡോ. ഷരീഫ് എം. സഹദുല്ല പറഞ്ഞു. കാർഡിയോളജി, അനസ്തേഷ്യോളജി, എമർജൻസി മെഡിസിൻ, ഫാമിലി മെഡിസിൻ, ഗാസ്ട്രോഎന്ററോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റേണൽ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഫിസിയോതെറപ്പി, റേഡിയോളജി, യൂറോളജി തുടങ്ങി 20 സ്പെഷാലിറ്റികളിലെ സേവനമുണ്ട്. പ്രാഥമിക പരിചരണത്തിന് പുറമേ രണ്ടാം ഘട്ട, മൂന്നാം ഘട്ട പരിചരണവും ഉറപ്പുവരുത്തുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി വിഭാഗം, ആംബുലൻസ് സേവനം എന്നിവയുമുണ്ട്. അഞ്ച് നിലകളിലായി 225 കാറുകൾക്കുള്ള പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രോഗികളുടെ ക്ഷേമത്തിനാണ് ഹോസ്പിറ്റൽ ഏറ്റവുമധികം ശ്രദ്ധനൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2002ൽ തിരുവനന്തപുരത്ത് തുടക്കംകുറിച്ച കിംസ്ഹെൽത്ത് ഇന്ന് ഇന്ത്യയിലും ജി.സി.സിയിലുമായി ആയിരക്കണക്കിന് രോഗികളുടെ അഭയകേന്ദ്രമാണ്. 2004ലാണ് ബഹ്റൈനിലെ ആദ്യ മെഡിക്കൽ സെന്റർ ആരംഭിച്ചത്. നിലവിൽ ഇന്ത്യയിൽ അഞ്ച് ഹോസ്പിറ്റലുകളും മൂന്ന് മെഡിക്കൽ സെന്ററുകളുമുണ്ട്. മിഡിലീസ്റ്റിൽ മൂന്ന് ഹോസ്പിറ്റലുകളും 13 മെഡിക്കൽ സെന്ററുകളുമുണ്ട്. നാഗർകോവിലിൽ ഉടൻതന്നെ 150 കിടക്കകളുള്ള ആശുപത്രി പ്രവർത്തനമാരംഭിക്കും. ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ ഒരു ദിവസം 7000ഓളം രോഗികളാണ് കിംസ്ഹെൽത്ത് ഹോസ്പിറ്റലുകളിൽ എത്തുന്നത്.
വാർത്താസമ്മേളനത്തിൽ കിംസ്ഹെൽത്ത് ഡയറക്ടർ അലി ജവാഹെരി, കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാൻ ചെയർമാൻ അഹ്മദ് ജവാഹെരി, കിംസ്ഹെൽത്ത് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ജേക്കബ് തോമസ്, ചീഫ് ഓപേററ്റിങ് ഓഫീസർ ഇ.എൻ താരീഖ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.