മനാമ: ബഹ്റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ കിംസ്ഹെൽത്ത് പുതിയ ഡയാലിസിസ് സെന്‍റർ ആരംഭിച്ചു. ഉമ്മുൽ ഹസ്സമിൽ അടുത്തിടെ നവീകരിച്ച കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിെന്റ രണ്ടാം നിലയിലാണ് ആധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് സെന്‍റർ പ്രവർത്തിക്കുന്നത്.
10 ബെഡ്ഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഐസൊലേഷൻ സൗകര്യങ്ങളുള്ള രണ്ട് റൂമുകളടക്കം മൂന്ന് പ്രൈവറ്റ് റൂമുകളും ഇതിൽ ഉൾപ്പെടുന്നു. അറബ് റെനൽ കെയർ ഗ്രൂപ്പിെന്റ കീഴിൽ അമേരിക്കൻ ബോർഡിെന്റ അംഗീകാരമുള്ള വൃക്കരോഗ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഇവിടെ ഡയാലിസിസ് നടത്തുന്നത്. ആധുനിക ഡയാലിസിസ് സാങ്കേതികവിദ്യയിലൂടെ മികച്ച സേവനമാണ് രോഗികൾക്ക് ലഭ്യമാവുക. മികച്ച പരിശീലനം നേടിയ ഡയാലിസിസ് ടെക്നീഷ്യൻമാരും നഴ്സുമാരുമാണ് ഇവിടെയുള്ളത്.
സമ്പൂർണ്ണ വൃക്ക പരിചരണ പദ്ധതിയുടെ ഭാഗമായാണ് ഡയാലിസിസ് സെന്‍റർ സ്ഥാപിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ആധുനിക ഹീമോഡയാലിസിസ് സേവനം നൽകുന്ന സെന്‍ററിൽ പെരിറ്റോണിയൽ ഡയാലിസിസും ഉടൻ നടപ്പിലാക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2004 മുതൽ രോഗികൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും അവരുടെ ആവശ്യങ്ങൾ തിരിച്ചറിയാനും കിംസ്ഹെൽത്ത് ശ്രമിച്ചുവരുന്നുണ്ടെന്ന് കിംസ്ഹെൽത്ത് മെഡിക്കൽ സെന്‍റർ ചെയർമാനും റോയൽ ബഹ്‌റൈൻ ഹോസ്പിറ്റൽ പ്രസിഡന്‍റുമായ അഹമ്മദ് ജവഹേരി പറഞ്ഞു. ഡയാലിസിസ് സെന്‍റർ വഴി രോഗികൾക്ക് ഒരു പുതിയ ചികിത്സാരീതി നൽകാൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗികൾക്ക് ചെലവ് കുറഞ്ഞതും മികച്ച നിലവാരവുമുള്ള ഡയാലിസിസ് ചികിത്സ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കിംസ്ഹെൽത്ത് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഷെരീഫ് എം. സഹദുള്ള പറഞ്ഞു. ഔട്ട്‌പേഷ്യന്‍റ് രീതിയിൽ ഏറ്റവും എളുപ്പത്തിൽ ഹീമോഡയാലിസിസ് സേവനം രോഗികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനപരമായി ഒരു ഔട്ട്‌പേഷ്യന്‍റ് സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞു. ആശുപത്രിയിൽ പോകുന്നതിൽനിന്ന് വ്യത്യസ്തമായി രോഗികൾക്ക് ഇവിടെ വന്ന് ഡയാലിസിസ് നടത്താനും തിരിച്ചുപോകാനും സാധിക്കും. രോഗികളെ അവരുടെ വീട്ടിൽ നിന്നോ ജോലിസ്ഥലത്ത് നിന്നോ കൊണ്ടുവരാനും തിരിച്ചുകൊണ്ടുപോകാനുമുള്ള വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിലും കിംസ്ഹെൽത്ത് ഹോസ്പിറ്റലിലും ഇൻപേഷ്യന്‍റ് ഐ.സി.യു ഡയാലിസിസ് മാത്രമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.