മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധികാരമേറ്റതിന്റെ രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ രാജ്യം കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചതിന്റെ സന്തോഷംകൂടി പങ്കുവെക്കുകയാണ്. ഹമദ് രാജാവ് പ്രഖ്യാപിച്ച നാഷനൽ റഫറണ്ടം സമൂലമായ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നിമിത്തമായി. സ്വാതന്ത്ര്യവും അഭിമാനബോധവും ഉയർത്തുകയും മനുഷ്യാവകാശങ്ങൾക്ക് പുതിയ ആകാശങ്ങൾ തുറക്കപ്പെടുന്ന നിയമങ്ങൾ അംഗീകരിക്കപ്പെട്ടു. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിലും വലിയ അളവിൽ പുരോഗതി കൈവരിക്കാനായി. അന്താരാഷ്ട്രതലത്തിൽ സമാധാനത്തിന് പ്രോത്സാഹനം നൽകുന്നതിന് കിങ് ഹമദ് ചെയർ ഫോർ ഇന്റർഫെയ്ത് ഡയലോഗ് സഹായകമായിട്ടുണ്ട്. സമാധാനവും സഹവർത്തിത്വവും സാധ്യമാകുന്നതിന് സംവാദാത്മക അന്തരീക്ഷം രൂപപ്പെടണമെന്നാണ് ബഹ്റൈൻ മുന്നോട്ടുവെക്കുന്ന ആശയം. വിദ്യാഭ്യാസ മേഖലയിൽ ഐ.ടി സങ്കലനം സാധ്യമാക്കുന്നതിന് യുനെസ്കോയുമായി സഹകരിച്ച് ഹമദ് രാജാവിന്റെ നാമധേയത്തിലുള്ള പ്രത്യേക വിദ്യാഭ്യാസ അവാർഡും നൽകുന്നുണ്ട്. ഹമദ് രാജാവ് പ്രഖ്യാപിച്ച ഈസ ഹ്യുമാനിറ്റേറിയൻ അവാർഡ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുകയും മാനുഷിക സേവന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും ആദരിക്കാനും സാധിച്ചിട്ടുണ്ട്.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളിൽ നീതിപൂർവകമായ നിലപാട് കൈക്കൊള്ളാനും നയതന്ത്രത്തിലൂന്നിയ പരിഹാരങ്ങൾ തേടുകയെന്നതുമാണ് ഹമദ് രാജാവിന്റെ കാഴ്ചപ്പാട്. കായിക മേഖലയിൽ വലിയ ചുവടുവെപ്പെന്ന നിലക്ക് ലോക ശ്രദ്ധ നേടിയ ഒന്നാണ് ഫോർമുല വൺ കാറോട്ട മത്സരം. ഇന്റർനാഷനൽ സർക്യൂട്ടും അനുബന്ധ സൗകര്യങ്ങളും ഇതിനായി ഏർപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ഒട്ടേറെ സമ്മേളനങ്ങളും എക്സിബിഷനുകളും നടത്താൻ കഴിയുന്ന എക്സിബിഷൻ വേൾഡ് സഖീറിൽ പടുത്തുയർത്താൻ കഴിഞ്ഞതും നേട്ടമാണ്.
പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിന്റെ നിർമാണം, അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, ആരോഗ്യ മേഖലയിലെ മുന്നേറ്റം, വിദ്യാഭ്യാസരംഗത്തുണ്ടായ ചടുല മാറ്റങ്ങൾ, സ്വദേശിവത്കരണ പ്രവർത്തനങ്ങളുടെ ഗതിവേഗം വർധിപ്പിക്കൽ, ഗൾഫ് എയർ വിമാനക്കമ്പനിയെ ബഹ്റൈന് സ്വന്തമാക്കൽ തുടങ്ങി നിരവധി നേട്ടങ്ങളാണ് ഹമദ് രാജാവിന്റെ ഭരണകാലത്തുണ്ടായിട്ടുള്ളത്. ബഹ്റൈനും ഖത്തറും തമ്മിൽ ബന്ധിപ്പിക്കുന്ന കോസ്വെ, ജി.സി.സി മോണോ റെയിൽ പദ്ധതി തുടങ്ങിയവ അടക്കമുള്ള നിരവധി പദ്ധതികൾ ഭാവിയിലേക്കായി തയാറാക്കിയിട്ടുണ്ട്. 2060ഓടെ കാർബൺ ബഹിർഗമനത്തോത് പൂജ്യത്തിലേക്ക് എത്തിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനും പദ്ധതികൾ തയാറാക്കി പ്രവർത്തനം നടക്കുന്നു.ഇക്കണോമിക് വിഷൻ 2030ന്റെ ഭാഗമായി സുസ്ഥിര വികസന പദ്ധതികൾക്ക് ചടുലത കൈവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.