മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, അൽ സാഖിർ പാലസ് മസ്ജിദിൽ ഈദ് അൽ ഫിത്ർ നമസ്കാരം നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, പാർലമെന്റ് സ്പീക്കർ, മന്ത്രിമാർ, ബി.ഡി.എഫ്, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, നാഷനൽ ഗാർഡുമാർ എന്നിവർ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. സുന്നി എൻഡോവ്മെന്റ് ബോർഡ് ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫെതൈസ് അൽ ഹജ്രി ഈദ് സന്ദേശം നൽകി.
ഈദിന്റെ മഹത്തായ മൂല്യങ്ങൾ ഉൾക്കൊള്ളാൻ ആഹ്വാനം ചെയ്ത അദ്ദേഹം ഹമദ് രാജാവിന് അല്ലാഹു ആരോഗ്യവും സന്തോഷവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെയെന്നും രാജ്യത്തിന് ഐശ്വര്യവും സമൃദ്ധിയും കൈവരട്ടെയെന്നും പ്രാർഥിച്ചു.
ഹമദ് രാജാവ് രാജ്യത്തിനും ജനങ്ങൾക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ഈദ് ആശംസ നേർന്നു. രാജ്യം കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഹമദ് രാജാവ് അധികാരമേറ്റതിന്റെ രജതജൂബിലിയോടനുബന്ധിച്ച് തടവുകാർക്ക് മാപ്പുനൽകിയതിനെ എല്ലാവരും പ്രശംസിച്ചു.
വിശുദ്ധിയുടെ നിറവിൽ ഈദുൽ ഫിത്ർ ആഘോഷിച്ചു
മനാമ: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയുടെ നിറവിൽ രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു.
റമദാനിലെ ത്യാഗനിർഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി തുടർ ജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കാൻ ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി. മാനവികതയിലൂന്നിയുള്ളതാണ് ഇസ്ലാമിന്റെ ആരാധനകളെന്നും മുഴുവൻ മനുഷ്യർക്കും വിശ്വാസിയുടെ തണൽ ഉണ്ടാവണമെന്നും അവർ ഉദ്ബോധിപ്പിച്ചു. ഗസ്സയിലെ സഹോദരങ്ങൾക്കായി ഇമാമുമാർ പ്രാർഥിച്ചു.
മലയാളി സംഘടനകളും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരവും ഒരുക്കി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ഈദ്ഗാഹുകളിലേക്ക് ഒഴുകിയെത്തി. മധുരം കൈമാറിയും പരസ്പരം സ്നേഹം കൈമാറിയും ആശ്ലേഷിച്ചും വിശ്വാസികൾ ഈദ് ആഘോഷം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.