മനാമ: ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രവർത്തന വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 100 വീടുകളിൽ ഈ വർഷവും ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം പ്രവാസി പെൻഷനും സ്നേഹപൂർവം സഹോദരിക്ക് വിധവ പെൻഷനും നൽകും. 14 വർഷമായി മുടക്കമില്ലാതെ നടപ്പാക്കി വരുന്ന പദ്ധതി 15ാം വർഷത്തിലേക്കു കടക്കുമ്പോൾ നിരവധി അപേക്ഷകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രവാസി പെൻഷൻ പദ്ധതി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിധവ പെൻഷൻ പദ്ധതി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമാണ് തുടക്കം കുറിച്ചത്.
പ്രവാസ ലോകത്ത് ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചിട്ടും കഷ്ടപ്പാടും മാരകരോഗവുമായി പ്രയാസപ്പെടുന്ന മുൻ ബഹ്റൈൻ പ്രവാസികൾക്കും മരണമടഞ്ഞ ബഹ്റൈൻ പ്രവാസികളുടെ വിധവകൾക്കുമായി മാത്രമാണ് ഈ മാസാന്ത സഹായം നൽകിവരുന്നത്. 2009ൽ അഞ്ചു പേർക്ക് കൊടുത്തുകൊണ്ട് ആരംഭിച്ച പദ്ധതി ഇന്ന് 50 പ്രവാസികൾക്കും 44 വിധവകൾക്കുമായി 94 വീടുകളിൽ നൽകിവരുന്നു. വർഷങ്ങളോളം ബഹ്റൈനിൽ ജോലിചെയ്തിട്ടും ജീവിത സായാഹ്നത്തിൽ ഒരുനേരത്തെ മരുന്നിനുപോലും വകയില്ലാത്ത നാട്ടിൽ കഴിയുന്നവരാണ് അപേക്ഷകരായി വരുന്നത്. അപേക്ഷകരുടെ എണ്ണം നിത്യേന വർധിക്കുകയാണ്. വൃക്ക രോഗം, കാൻസർ രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളും കൂടാതെ അംഗവൈകല്യം, അന്ധത തുടങ്ങി കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി വളരെ രഹസ്യമായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിക്കുകയാണ് പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു. മാറാരോഗികളായ ഗുണഭോക്താക്കൾക്ക് രണ്ടായിരം രൂപ മാസാന്തം നൽകാനുള്ള പ്രവർത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുമായി ബഹ്റൈനിലെ സുമനസ്സുകളുടെ സഹായം ഇനിയും ആവശ്യമാണെന്നു ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിലും ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളിയും അഭ്യർഥിച്ചു. സഹകരിക്കാൻ തയാറുള്ളവർ 3338 2787, 33292010, 33495624 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
15ാം വർഷത്തെ പെൻഷൻ പദ്ധതിയുടെ സ്പോൺസർഷിപ് ഉദ്ഘാടനം പത്തു പ്രവാസികളുടെ സ്പോൺസർഷിപ് തുക വ്യവസായ പ്രമുഖനും കാരുണ്യ പ്രവർത്തകനുമായ മജീദ് തെറ്റരുവത്തിൽ നിന്നും സ്വീകരിച്ചുകൊണ്ട് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സയ്നാർ കളത്തിങ്ങൽ, ശംസുദ്ദീൻ വെള്ളികുളങ്ങര, ഷാജഹാൻ പരപ്പൻപൊയിൽ, പി.കെ. ഇസ്ഹാഖ്, സുബൈർ കെ.കെ, നസീം പേരാമ്പ്ര, റസാഖ് ആയഞ്ചേരി, അഷ്റഫ് തോടന്നൂർ മുഹമ്മദ് ഷാഫി വേളം, മൊയ്തീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, തുമ്പോളി അബ്ദുറഹ്മാൻ, റഷീദ് എൻ.കെ, ഫൈസൽ കോട്ടപ്പള്ളി , ഫൈസൽ കണ്ടീതാഴ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.