മനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് നിയമവിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പലിശവിരുദ്ധ സമിതി കെ. മുരളീധരൻ എം.പിക്ക് നിവേദനം നൽകി.
പലരും ജീവിതസാഹചര്യങ്ങൾ മൂലമാണ് പലിശക്ക് പണം കടം വാങ്ങുന്നത്. ഇരകളുടെ ജീവനും ജീവിതവും സമ്പാദ്യവും മുഴുവനായി തീറെഴുതിക്കൊടുത്താലും തീരാത്ത കടക്കെണിയിൽ ഹതഭാഗ്യരായ പ്രവാസികളെ കുരുക്കിയിടുന്നതിനെതിരെ ഇന്ത്യൻ എംബസി മുഖാന്തരം നടത്തുന്ന നിയമനടപടികൾക്ക് നാട്ടിൽ ഭരണതലത്തിൽ തുടർച്ചയും ഇവർക്കെതിരെ സാധ്യമായ നിയമനടപടികളും സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളിലെയും നിയമവ്യവസ്ഥയുടെ ആനുകൂല്യം കിട്ടാൻ ഇരകളുടെ കൈയിൽനിന്ന് ഒപ്പിട്ട ബ്ലാങ്ക് മുദ്രപ്പത്രങ്ങളും ബ്ലാങ്ക് ചെക്ക് ബുക്കുകളും കൈക്കലാക്കിയാണ് പലിശക്കാർ പണം കൊടുക്കുക. പലിശയും കൂട്ടുപലിശയും ചേർത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങൾ പലിശവിരുദ്ധ സമിതി എം.പിയുടെ ശ്രദ്ധയിൽപെടുത്തി. പലിശവിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുരളീധരൻ, നാട്ടിൽ ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് ഉറപ്പു നൽകി. സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഉപദേശക സമിതി അംഗം ബഷീർ അമ്പലായി, ജനറൽ കൺവീനർ യോഗാനന്ദ്, ജനറൽ സെക്രട്ടറി ദിജീഷ്, വൈസ് ചെയർമാന്മാരായ നാസർ മഞ്ചേരി, അഷ്കർ പൂഴിത്തല, എക്സിക്യൂട്ടിവ് അംഗം മനോജ് വടകര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.