ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
ഞാൻ ബഹ്റൈനിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഈ കമ്പനിയിൽ രണ്ടു വർഷം തികയാൻ രണ്ടു മാസം കൂടിയുണ്ട്. മറ്റൊരു ജോലിയിലേക്ക് മാറാൻ എന്താണ് ചെയ്യേണ്ടത്?
അനൂപ്
• രണ്ടു വർഷം കഴിഞ്ഞാൽ മാത്രമേ പുതിയ ജോലിക്ക് പോകാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ താങ്കൾ രണ്ടു കാര്യങ്ങൾ ചെയ്യണം. 1. താങ്കളുടെ തൊഴിൽ കരാർ പുതുക്കുന്നില്ലെന്ന് തൊഴിലുടമക്ക് നോട്ടീസ് നൽകണം. 2. എൽ.എം.ആർ.എയിൽ പോയി മൊബിലിറ്റി കൊടുക്കണം. മൊബിലിറ്റി കൊടുക്കുന്നത് തൊഴിലുടമ താങ്കളുടെ വിസ പുതുക്കാതിരിക്കാൻ വേണ്ടിയാണ്. ചിലപ്പോൾ തൊഴിലുടമ താങ്കളുടെ സമ്മതമില്ലാതെ തൊഴിൽ വിസ പുതുക്കും. പിന്നെ ജോലി മാറാൻ പ്രയാസമായിരിക്കും.
നോട്ടീസ് കൊടുത്തതിനുശേഷം തൊഴിലുടമയുടെ ഒപ്പ് വാങ്ങിക്കണം. അത് തൊഴിലുടമ സ്വീകരിക്കുന്നില്ലെങ്കിൽ രജിസ്ട്രേഡ് ആയി അയക്കണം. ഈ കാര്യങ്ങൾ ചെയ്താൽ രണ്ടു വർഷം തികയുമ്പോൾ താങ്കൾക്ക് തൊഴിൽ മാറാൻ സാധിക്കും. തൊഴിലുടമയോട് ജോലി മാറുകയാണെന്ന് പറയാതിരിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ പുതിയ കമ്പനിക്ക് വിസ ലഭിക്കുമോയെന്ന് വ്യക്തമായി തിരക്കണം. വിസ കാൻസൽ ചെയ്താൽ 30 ദിവസം ലഭിക്കും. അപ്പോൾ പുതിയ വിസയിലേക്ക് മാറാൻ സാധിക്കും.
എന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു. അതുപോലെ വിസയും തീർന്നു. എനിക്ക് അത്യാവശ്യമായി നാട്ടിലെ ആവശ്യത്തിന് ഒരു പവർ ഓഫ് അറ്റോണി അറ്റസ്റ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. എംബസിയിൽ പോയപ്പോൾ പാസ്പോർട്ടും വിസയും വാലിഡ് അല്ലാത്തതുകൊണ്ട് അത് സാധിക്കില്ലെന്നാണ് പറഞ്ഞത്. പവർ ഓഫ് അറ്റോണി ലഭിക്കാൻ വേറെ എന്തെങ്കിലും മാർഗമുണ്ടോ?
ഷമീർ
• ഇന്ത്യൻ എംബസിയിൽനിന്ന് എന്തെങ്കിലും രേഖകൾ അറ്റസ്റ്റ് ചെയ്യണമെങ്കിൽ പാസ്പോർട്ടും വിസയും സാധുതയുള്ളവ ആയിരിക്കണം. താങ്കൾ ഇവിടെ നിയമപരമായി താമസിക്കുകയാണെന്ന് തെളിയിക്കാനാണ് അത്. ഇപ്പോഴത്തെ സാഹചര്യത്തിൽ താങ്കൾക്ക് എംബസിയിൽനിന്ന് അറ്റസ്റ്റ് ചെയ്ത് ലഭിക്കില്ല. എന്നാൽ, താങ്കൾക്ക് ഇന്ത്യയിൽ ആവശ്യമുള്ള രേഖ ഇവിടെ ഒരു നോട്ടറിക്കു മുന്നിൽ സൈൻ ചെയ്യാൻ സാധിക്കും. രണ്ടു സാക്ഷികളെ കൂടെ കൊണ്ടുപോയാൽ പാസ്പോർട്ടും വിസയും വാലിഡ് അല്ലെങ്കിലും നോട്ടറി സേവനം നൽകും. താങ്കളെ അറിയാമെന്ന് സാക്ഷികൾ വ്യക്തമാക്കിയാൽ നോട്ടറിയുടെ മുന്നിൽ പവർ ഓഫ് അറ്റോണി ഒപ്പിടാൻ സാധിക്കും. നോട്ടറി അറ്റസ്റ്റ് ചെയ്ത പവർ ഓഫ് അറ്റോണി താങ്കൾ ബഹ്റൈൻ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സിൽനിന്ന് അപ്പോസ്റ്റിൽ ചെയ്യണം. ഇത് നാട്ടിലെ എല്ലാ ആവശ്യങ്ങൾക്കും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.