മനാമ: രാജ്യത്തെ നിക്ഷേപസൗഹൃദമാക്കുന്നതിന്റെ ഭാഗമായി തൊഴിലന്തരീക്ഷം മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചുവരുകയാണെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (സി.ഇ.ഒ) നൗഫ് അബ്ദുറഹ്മാൻ ജംഷീർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
െഫ്ലക്സി വിസ നിർത്തലാക്കുന്നതും പ്രഫഷനൽ വർക്ക് പെർമിറ്റുകളെ വിവിധ യോഗ്യതാമാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച പരിഷ്കാരമാണ് നടപ്പാക്കുന്നത്. സഹവർത്തിത്വത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ രാജ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുടെയും ധാർമികതയുടെയും അടിസ്ഥാനത്തിൽ ബിസിനസ് ഉടമകളുടെയും തൊഴിലാളികളുടെയും അവകാശം സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്.
രാജ്യത്തിന്റെ വികസനത്തിലും വളർച്ചയിലും വിദേശി സമൂഹങ്ങളുടെ മഹത്തായ പങ്കാളിത്തത്തെ ബഹ്റൈൻ നന്ദിപൂർവം സ്മരിക്കുന്നു. നിക്ഷേപകരായും പ്രവാസി തൊഴിലാളികളായും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ അവർ വഹിക്കുന്ന പങ്ക് നിർണായകമാണ്.
ബഹ്റൈനിലേക്ക് പ്രവാസി തൊഴിലാളികളെ സംഭാവന ചെയ്യുന്ന രാജ്യങ്ങളുടെ എംബസികളും എൽ.എം.ആർ.എയും തമ്മിലുള്ള സഹകരണവും ഏകോപനവും ഏറെ പ്രധാനപ്പെട്ടതാണ്. പ്രവാസി തൊഴിലാളികളെ അവരുടെ അവകാശങ്ങളെയും കടമകളെയുംകുറിച്ച് ബോധവത്കരിക്കുന്നതിനും തൊഴിൽ വിപണിയിലെ പുതിയ സംഭവവികാസങ്ങൾ അറിയിക്കുന്നതിനും കൂട്ടായ പരിശ്രമമുണ്ടാകണം.
സ്വദേശികളും പ്രവാസികളുമായ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുകയും തൊഴിൽ വിപണിയിലെ വളർച്ച ശക്തിപ്പെടുത്തുന്ന തൊഴിലന്തരീക്ഷമാണ് വേണ്ടത്. രാജ്യത്തെ വർക്ക് പെർമിറ്റുകൾ കൂടുതൽ മികവുറ്റതാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും സ്വീകരിച്ച നടപടികളും സി.ഇ.ഒ വിശദീകരിച്ചു. െഫ്ലക്സി വിസ അവസാനിപ്പിച്ചതും പ്രവാസി തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ സ്വീകരിച്ച പുതിയ നടപടികളും ഇതിന്റെ ഭാഗമാണ്.
തൊഴിലാളികളെ ചൂഷണത്തിൽനിന്ന് മോചിപ്പിക്കുകയും മനുഷ്യക്കടത്ത് തടയുകയുമാണ് ലക്ഷ്യം. തൊഴിൽ വിപണിയിലെ പരിഷ്കാരങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കാനും അനധികൃത തൊഴിലാളികൾക്ക് നിയമാനുസൃത തൊഴിലാളികളായി മാറാനും സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് ബോധവത്കരണം നടത്താൻ എംബസികളുടെ സഹകരണവും അതോറിറ്റി തേടി. ഇന്ത്യ, ജോർഡൻ, ഈജിപ്ത്, മൊറോക്കോ, തുർക്കി, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങി 12 രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.