2018-ലെ പ്രളയത്തിനുശേഷം മഴ എല്ലാവർഷവും ഒരുപാട് കണ്ണുനീർ സമ്മാനിച്ച് ഓർമകൾ ബാക്കിയാക്കി അങ്ങനെ കടന്നുപോകുകയാണ്. മഴ ഇന്നൊരു വലിയ ഭയമായി മനുഷ്യന്റെ ഉള്ളിൽ നീറുകയാണ്. എവിടെയും ഏതുസമയത്തും എന്തും സംഭവിക്കാം. കാലാവസ്ഥ കാലത്തിന് അനുസരിച്ചല്ല പോകുന്നത്. പ്രകൃതി മനുഷ്യന്റെ ഉദ്ദേശ്യങ്ങളെയെല്ലാം തകിടം മറിച്ചു. വിരൽത്തുമ്പിൽ കാലത്തിന്റെ നിറമുള്ള കവിതയെഴുതാൻ കഴിയാതെ മഴയും മരണവുമെത്തി.
നാശനഷ്ടങ്ങൾ ഹൃദയത്തെ പിടിച്ചു കുലുക്കുമ്പോൾ മനുഷ്യമരണത്തെ ഓർത്തുകൊണ്ട് ജീവനോടെയുള്ളവരുടെ മനസ്സ് പിടയുകയാണ്. സമാധാനത്തോടെ ഉറങ്ങാൻ പേടിയാകുന്ന ഭൂമിയിൽ, മരണത്തെ ഭയന്ന് മറഞ്ഞിരിക്കാനും കഴിയില്ല. എവിടെയും താളം തെറ്റുന്ന അവസ്ഥ. ഇതിനൊക്കെ ആരെ കുറ്റം പറയും.
പട്ടിണി മരണമോ അനാഥാലയങ്ങളിലെ കണ്ണുനീരോ ജാതിപ്പോരോ അതോ ഞാനെന്ന ഭാവമോ ഈ പ്രകൃതി കോപം അറിയില്ല. ഒന്നുമാത്രം അറിയാം നൊമ്പരക്കയത്തിൽ അകപ്പെടുമ്പോൾ എല്ലാവരും എല്ലാം മറന്ന് ഒന്നിക്കുന്നു. അത് കഴിയുമ്പോൾ മറക്കാൻ കഴിയാത്ത പഴയ പാഠം വീണ്ടും തുറക്കുന്നു.
കർണാടക അംേഗാലയിലെ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനുവേണ്ടി എത്ര ദിവസങ്ങൾതേിരച്ചിൽ നടത്തി. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ സംവിധാനം പോലും കനത്ത മഴക്ക് മുന്നിൽ തോറ്റുപോയി. രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് പറഞ്ഞ് കൊണ്ട് അധികൃതർ യാത്രയായി.
എന്നാലും അർജുന്റെ തിരിച്ച് വരവും കാത്തിരിക്കുകയാണ് മലയാളികൾ ഒന്നടങ്കം. വിശ്വാസം നഷ്ടപ്പെടാതെ സ്വന്തം നിലപാടിൽ തന്നെ എന്നും നിലനിൽക്കുന്ന ഒരു സമൂഹമാണ് മലയാളികൾ.
വേദനകളിൽ നിന്ന് രക്ഷതരാതെ വീണ്ടും തളർത്തിക്കൊണ്ട് വയനാട്ടിൽ അടുത്ത മഴയും ഉരുൾപൊട്ടലുമെത്തി. മരണസംഖ്യ ഓരോ ദിവസവും കൂടികൊണ്ടിരിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമാക്കിക്കൊണ്ട് ജനങ്ങളും സൈന്യവും അതുപോലെ രാഷ്ട്രീയ നേതാക്കളും സംഘടനകളും എല്ലാം ഒന്നിച്ച് പ്രവർത്തിക്കുന്നു. എന്തുണ്ടായാലും ഈ നഷ്ടങ്ങൾ ഒരിക്കലും നികത്തിയെടുക്കാൻ സാധിക്കില്ല. നഷ്ടമെന്ന് പറയുമ്പോൾ അവിടെ ഒഴുകുന്നത് പുഴ മാത്രമല്ല മനുഷ്യന്റെ കണ്ണുനീർ കൂടിയാണ്.
എല്ലാം നഷ്ടപ്പെട്ടിട്ടും ഇനിയും കാണാൻ ബാക്കിയായവരെന്നുതന്നെ വേണം ജീവനോടെയുള്ള നമ്മൾ ഓരോരുത്തരെയും വിശേഷിപ്പിക്കാൻ. ഒരുനിമിഷംകൊണ്ട് പ്രതീക്ഷകളെല്ലാം മണ്ണിൽ മഴയോടൊപ്പം ഒലിച്ചു പോയവർ. വേദനയാൽ ഇനിയും മണ്ണിൽ ബാക്കിയായവർ. ആശുപത്രികളിൽ മരണത്തോട് മല്ലിടുന്നവർ, കുഞ്ഞുങ്ങൾ, എന്തിന് കൂടുതൽ വിവരിക്കണം പാവം മിണ്ടാപ്രാണികൾ വരെ വേദനയെ കടിച്ചമർത്തുമ്പോൾ ആ കണ്ണുകൾ നനയുന്നത് കാണാൻ കഴിയും.
ആശ്വാസത്തിന്റെ കരങ്ങൾ അവിടേക്ക് നീട്ടാം. വിശ്വാസത്തിന്റെ തണലിൽ അൽപനേരം അവരുടെ ആശ്വാസത്തിനായി പ്രാർഥിക്കാം. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കാണാനും മനസ്സിലാക്കാനും കഴിയുമ്പോൾ മാത്രമേ ഏതൊരു മനുഷ്യനും മനുഷ്യനാകുകയുള്ളൂ.
ഇനിയൊരു സങ്കടക്കടലിൽ തളരാനും തകരാനും കഴിയാതെ മനുഷ്യകുലം വ്യാകുലപ്പെടുന്നു. പ്രകൃതിയും അതിലുള്ള സകലതും ഈശ്വരനും അതൊക്കെ വിശ്വാസമായി തന്നെ നിലനിൽക്കട്ടെ. സ്വന്തം കണ്ണീരിനെ തുടക്കാനും മറ്റുള്ളവരുടെ വേദനകളെ കാണാനും എല്ലാവർക്കും സാധിക്കട്ടെ. ഇവിടെ ഒന്നിച്ചു മുന്നോട്ട് നീങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.