മനാമ: എൽ.എം.ആർ.എ 2021-23 വർഷത്തേക്ക് ആവിഷ്കരിച്ച പദ്ധതികളിൽ 74 ശതമാനവും പൂർത്തീകരിച്ചതായി തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബാക്കി പദ്ധതികൾ ജൂലൈ മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളുമായി സഹകരിച്ചാണ് പദ്ധതികൾ പൂർത്തീകരിക്കുക. തൊഴിൽ വിപണി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ ചതുർവർഷ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും അവ മുന്നിൽവെച്ച് പ്രവർത്തിക്കുന്നതിനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ജൂലൈ മുതലാണ് ചതുർവർഷ പദ്ധതി ആരംഭിക്കുക. സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട് അഞ്ച് സുപ്രധാന ഘടകങ്ങളിൽ ഊന്നിയാണ് പ്രവർത്തിക്കുക.
വർഷം തോറും 20,000 സ്വദേശികൾക്ക് തൊഴിലവസരമൊരുക്കാനും 10,000 തൊഴിലന്വേഷകർക്ക് പരിശീലനം നൽകാനുമാണ് തീരുമാനിച്ചിരുന്നത്. പോയ വർഷം 29,000ത്തിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതിനുള്ള പദ്ധതികളുമുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.