മനാമ: നിയമ ലംഘനം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി കഴിഞ്ഞ വർഷം 47,023 പരിശോധനകൾ നടത്തിയതായി എൽ.എം.ആർ.എ (ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി) അധികൃതർ വ്യക്തമാക്കി. മുൻ വർഷങ്ങളേക്കാൾ 72.17 ശതമാനം അധികം പരിശോധനകൾ കഴിഞ്ഞവർഷം നടത്തി. സ്ഥാപനങ്ങളിൽ 94.7 ശതമാനവും തൊഴിൽ, വിസ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണെന്ന് ഉറപ്പാക്കാൻ കഴിഞ്ഞു. പരിശോധനകളുടെ വർധനയാണ് സ്ഥാപനങ്ങളെ നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
നിയമം ലംഘിച്ച തൊഴിലാളികളെ നാടുകടത്തുന്നതിന്റെ എണ്ണത്തിൽ 202.8 ശതമാനം വർധനയാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളതതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് നിബ്റാസ് താലിബ് വ്യക്തമാക്കി. മത്സരാത്മക, നീതി, നിയമങ്ങളുടെ പാലനം, ഉൽപാദനക്ഷമത, സാമ്പത്തിക വികസനം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ ഊന്നിയത്. നിയമലംഘകരായ തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.
പരിശോധനകൾ വിജയിപ്പിക്കുന്നതിന് സഹകരിച്ച നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, തൊഴിൽ മന്ത്രാലയം, വാണിജ്യ, വ്യവസായ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സോഷ്യൽ ഇന്‍ഷുറൻസ്, കാപിറ്റൽ സെക്രട്ടേറിയറ്റ് കൗൺസിൽ, വിവിധ മുനിസിപ്പാലിറ്റികൾ, ഗവർണറേറ്റുകൾ, പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവക്കെല്ലാം അദ്ദേഹം നന്ദി അറിയിച്ചു.
ബഹ്റൈനിലെ തൊഴിൽവിപണി സുതാര്യവും ശക്തവുമായി മുന്നോട്ടുപോകുന്നുവെന്നതിന്റെ തെളിവാണ് 94.7 ശതമാനം സ്ഥാപനങ്ങളും നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതെന്നത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.