മനാമ: പ്രവാസി തൊഴിലാളികളുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ ഇൻസ്പെക്ടർമാർക്ക് കൂടുതൽ സ്ഥലങ്ങളിൽ പ്രവേശിക്കാനും നടപടിയെടുക്കാനും പറ്റുന്ന തരത്തിൽ നിയമഭേദഗതി വേണമെന്ന് ആവശ്യം. നിലവിൽ ചില സ്ഥലങ്ങളിൽ പ്രവേശിക്കാനും നടപടിയെടുക്കാനും അവർക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് നിയമഭേദഗതി വേണമെന്ന ആവശ്യം എം.പിമാർ ഉയർത്തുന്നത്. ജലാൽ കാദേമിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ അവതരിപ്പിച്ച 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമത്തിലെ നിർദിഷ്ട ഭേദഗതിയിലാണ് ഈ നിർദേശങ്ങളുള്ളത്.
കടകൾ, ദ്വീപുകളിലെ വ്യാപാരസമുച്ചയങ്ങൾ, ബാങ്കുകൾ, വാണിജ്യ സമുച്ചയങ്ങൾ, സുരക്ഷ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ, സ്ഥാപനങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനെ പ്രവാസികൾ ജോലി ചെയ്യുന്ന ഏത് കെട്ടിടത്തിലും ഇൻസ്പെക്ടർമാർക്ക് പ്രവേശിക്കാൻ പുതിയ ഭേദഗതി നടപ്പാക്കുന്നതിലൂടെ സാധിക്കും.
നിലവിൽ ചിലയിടങ്ങളിൽ പ്രവേശിക്കുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഇൻസ്പെക്ടർമാർക്ക് പ്രത്യേക അനുമതി ആവശ്യമുണ്ട്. സ്വകാര്യതക്ക് ഭംഗം വരുന്നു എന്ന് ചൂണ്ടിക്കാണിച്ച് ചിലയിടങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് അവരെ തടയുന്നുണ്ട്. തൊഴിൽ കരാറിൽനിന്ന് വ്യത്യസ്തമായ ജോലി ചെയ്യുന്നവർക്കെതിരെയും മതിയായ രേഖകളില്ലാത്തവർക്കെതിരെയും കർശന നടപടിയെടുക്കേണ്ടതുണ്ടെന്നാണ് എം.പിമാരുടെ അഭിപ്രായം.
അത് സാധ്യമാകണമെങ്കിൽ ചുമതലപ്പെടുത്തിയ ഇൻസ്പെക്ടർമാർക്ക് ഏത് ജോലിസ്ഥലത്തും പ്രവേശിക്കാൻ കഴിയണം.
എല്ലായിടത്തും പരിശോധന ആവശ്യമാണെന്നും എന്നാൽ ഒരു തൊഴിലുടമ തന്റെ മറ്റ് തൊഴിലിടങ്ങളിലേക്ക് ചിലപ്പോൾ തൊഴിലാളികളെ വിന്യസിക്കുന്നത് ജോലി കൃത്യമായും മുടങ്ങാതെയും നടക്കാനാണെന്ന വസ്തുത ഓർമയിലുണ്ടാകണമെന്നും അംവാജ് ഐലൻഡ്സ് സെൻട്രൽ ഓണേഴ്സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും സ്ട്രാറ്റജിക് തിങ്കിങ് പാർലമെന്ററി ബ്ലോക്ക് പ്രസിഡന്റുമായ അഹ്മദ് അൽ സലൂം എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.