മനാമ: നിയമ വിധേനയല്ലാതെ തങ്ങുന്ന തൊഴിലാളികൾക്കെതിരെ കർശന നടപടികളാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സ്വീകരിക്കുന്നതെന്നതിനാൽ വിസ നിയമ വിധേയമാക്കുന്ന കാര്യം ഗൗരവമായി എടുക്കേണ്ടിയിരിക്കുന്നു.
പ്രവാസികൾ വിസ നിയമവിധേയമാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് എൽ.എം.ആർ.എ ഔദ്യോഗികമായി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ 7.30 ന് വരെ എൽ.എം.ആർ.എ തൊഴിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. അവധി ദിവസങ്ങളിൽ പോലും ഇപ്പോൾ പരിശോധന സാധാരണമായിരിക്കുകയാണ്.
നിയമ വിധേയമല്ലെന്ന് വ്യക്തമായാൽ തൊഴിലുടമക്ക് 1000 ദീനാറാണ് പിഴ അടക്കേണ്ടിവരുക. തൊഴിലാളി 100 ദീനാറും പിഴ അടക്കേണ്ടിവരും. മാത്രമല്ല നാടുകടത്തലടക്കം നേരിടേണ്ടി വരുകയും ചെയ്യും. വിസ കാലാവധി കഴിഞ്ഞ പ്രവാസികൾ നൽകിയിട്ടുള്ള കാലാവധിക്കുള്ളിൽ ഒന്നുകിൽ പുതിയ തൊഴിലുടമയെ കണ്ടെത്തുകയോ അല്ലെങ്കിൽ സ്വദേശത്തേക്ക് തിരിച്ചുപോകുകയോ ചെയ്യണമെന്നാണ് എൽ.എം.ആർ.എ നിർദേശം. അല്ലെങ്കിൽ നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യോഗ്യതയുള്ളവർക്ക് ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ (ഫ്ലക്സി വിസ) ചേരാമെന്നും എൽ.എം.ആർ.എ അറിയിച്ചിട്ടുണ്ട്. ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാവുന്ന അംഗീകൃത സെന്ററുകളുടെ വിവരങ്ങൾ എൽ.എം.ആർ.എ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇവിടെ രജിസ്റ്റർ ചെയ്ത് ഫ്ലക്സി വിസയെടുക്കാം. അതിനുശേഷം തൊഴിലുടമകളെ കണ്ടെത്തി തൊഴിൽ ചെയ്യാവുന്നതാണ്.
ലേബർ മാർക്കറ്റിലെ അനധികൃത പ്രവണതകൾ നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധ നടപടികൾ പരിഹരിക്കുന്നതിനുമായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ നടത്തിവരുകയാണെന്ന് എൽ.എം.ആർ.എ അറിയിച്ചു. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുകയാണ് ലക്ഷ്യമെന്ന് എൽ.എം.ആർ.എ എൻഫോഴ്സ്മെന്റ് ആൻഡ് പ്രൊട്ടക്ഷൻ ആക്ടിങ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് നൂറ ഈസ മുബാറക് പറഞ്ഞു.
ഈ വർഷം ആദ്യപാദത്തിൽ തന്നെ10,000 സംയുക്ത പരിശോധനകൾ നടത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലേക്കാൾ 56 ശതമാനം വർധനവാണിത്. വർക്ക് പെർമിറ്റ് ഇല്ലാത്ത തൊഴിലാളികൾക്കെതിരെ 983 കേസുകൾ രജിസ്റ്റർ ചെയ്തു. നാടുകടത്തിയ തൊഴിലാളികളുടെ എണ്ണം അഞ്ച് മടങ്ങായി വർധിച്ചെന്നും അധികൃതർ അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും നിയമപരമായ ബാധ്യതകൾ ഒഴിവാക്കാനും നടപടിക്രമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനും നൂറ ഈസ മുബാറക് തൊഴിലുടമകളോട് ആവശ്യപ്പെട്ടു. സ്ഥിരം തൊഴിലാളികളെ മാത്രമാണ് നിയമിക്കേണ്ടത്. വർക്ക് പെർമിറ്റ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമെ തൊഴിലാളികളെ നിയമിക്കാവൂ.
എൽ.എം.ആർ.എ വെബ്സൈറ്റായ lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. കോൾ സെന്റർ നമ്പർ: 17506055.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.