മനാമ: രാജ്യത്തെ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച മനാമ ഗോൾഡ് ഫെസ്റ്റിവൽ വൻ വിജയമെന്ന് സംഘാടകരായ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു. ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫിയുടെ രക്ഷാകർതൃത്വത്തിൽ ഏപ്രിൽ 13ന് ആരംഭിച്ച ഫെസ്റ്റിവൽ മേയ് 27നാണ് അവസാനിച്ചത്. ഫെസ്റ്റിവലിൽ നാല് ദശലക്ഷം ദീനാറിന്റെ വ്യാപാരം നടന്നു. 2022ലെ ഫെസ്റ്റിവലിൽ 1.25 ദശലക്ഷം ദീനാറിന്റെ കച്ചവടമാണ് നടന്നത്. മുൻവർഷത്തേക്കാൾ 220 ശതമാനം വർധനവുണ്ടായെന്നും ഇത് ബഹ്റൈൻ സ്വർണവ്യാപാരത്തിന്റെ വിജയത്തിന്റെ തെളിവാണെന്നും ബി.ടി.ഇ.എ സി.ഇ.ഒ ഡോ. നാസർ ഖാഇദി പറഞ്ഞു. തദ്ദേശീയർ, പ്രവാസികൾ, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുത്തു.
അഞ്ച് പ്രതിവാര നറുക്കെടുപ്പുകൾ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു. മൊത്തം 62 നറുക്കെടുപ്പ് സമ്മാനങ്ങളും രണ്ട് ഗ്രാന്റ് സമ്മാനങ്ങളും നൽകി. 13 പേർ പ്രതിവാര നറുക്കെടുപ്പിൽ വിജയികളായി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നിയാസ് പേൾസ്, ജംബോ ഗോൾഡ്, അൽസീഫ് ജ്വല്ലറി, മഷല്ല സിറ്റി, അൽതൗഹീദ് ജ്വല്ലറി, അൽഹാഷിമി പേൾസ്, അൽജസ്റ ജ്വല്ലറി, അൽഷർഹാൻ പേൾസ്, മനാമ പേൾ, ബിൻ നാസർ ജ്വല്ലറി, അൽനഫീസെ ജ്വല്ലറി, തബബത്ത് അൽ ബഹറിൻ ജ്വല്ലറി, ബഹാർ ജ്വല്ലറി എന്നിങ്ങനെ 32 സ്വർണവ്യാപാര സ്ഥാപനങ്ങളാണ് മേളയുടെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. 61 രാജ്യങ്ങളിൽനിന്നുള്ള 5543 ഷോപ്പുകൾ ഫെസ്റ്റിവലിൽ പങ്കെടുത്തു. മുൻവർഷം 12 രാജ്യങ്ങളിൽനിന്ന് 1549 ഷോപ്പുകളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ബാബ് അൽ ബഹ്റൈനിൽ നടന്ന സമാപനച്ചടങ്ങിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) ബോർഡ് അംഗങ്ങൾ, സൂഖ് അൽ മനാമ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വ്യാപാരി സമൂഹത്തിന്റെ പ്രതിനിധികൾ, സ്വർണവ്യാപാരികൾ എന്നിവർ പങ്കെടുത്തു.
സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട് ബഹ്റൈന് ദീർഘകാല ചരിത്രമുണ്ട്. സ്വർണവ്യാപാരത്തിന് കൃത്യമായ നിയന്ത്രണം കൊണ്ടുവന്നതും ബഹ്റൈനാണ്. ഉൽപാദനത്തിലും കയറ്റുമതിയിലുമെല്ലാം വ്യക്തമായ ചട്ടങ്ങൾ രാജ്യം രൂപവത്കരിച്ചിരുന്നു. മിഡിലീസ്റ്റിലാകമാനം ഇത് മാതൃകയായിരുന്നു. ഈ ബൃഹത്തായ പാരമ്പര്യം മറ്റുരാജ്യങ്ങളിൽ നിന്നടക്കമെത്തുന്ന വിനോദസഞ്ചാരികൾക്കുമുന്നിൽ തുറന്നുകാണിക്കുകയും വ്യാപാരം അഭിവൃദ്ധിപ്പെടുത്തുകയും ഫെസ്റ്റിവലിലൂടെ ലക്ഷ്യമിട്ടിരുന്നു. സ്വർണവ്യാപാരം സംബന്ധിച്ച രാജ്യത്തിന്റെ ചരിത്രം വിശദമാക്കുന്ന പ്രദർശനവും ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്നു. ഗോൾഡ് മ്യൂസിയം, പോപ്പപ് മാർക്കറ്റ്, ലൈവ് മ്യൂസിക് ഷോ എന്നിവയും പരിപാടിയുടെ ഭാഗമായി വിവിധ ദിനങ്ങളിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.