മനാമ: മനാമ സൂക്കിലെ ചരിത്രപ്രസിദ്ധമായ ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ നവീകരണം വിവാഹ ടൂറിസം പദ്ധതികൾക്ക് കുതിപ്പ് നൽകും. ആഡംബര വിവാഹപ്പാർട്ടികളുടെ ലക്ഷ്യസ്ഥാനമായി ബഹ്റൈൻ ഇപ്പോൾ തന്നെ മാറിയിട്ടുണ്ട്. മേഖലയിൽ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബിടിഇഎ) രാജ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി സഹകരിച്ച് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
ചാർട്ടേഡ് ഫ്ളൈറ്റുകൾ ഉപയോഗിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സന്ദർശകരെ എത്തിക്കുകയാണ് പദ്ധതി. 2017-ൽ ബഹ്റൈൻ ബേയിലെ ഫോർ സീസൺസ് ഹോട്ടൽ വെച്ച് ആഡംബര ഇന്ത്യൻ വിവാഹം നടന്നിരുന്നു. മനാമ ക്ഷേത്രത്തിന് പ്രത്യേക പദവി ലഭിക്കുകയും പുനരുദ്ധാരണം പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ ഇന്ത്യൻ വിവാഹപ്പാർട്ടികൾ കൂടുതലായി പവിഴദ്വീപിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷ. ക്ഷേത്രങ്ങൾക്കും മത,സാംസ്കാരിക സ്ഥാപനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിൽ രാജ്യം എപ്പോഴും വലിയ ശുഷ്കാന്തി കാണിക്കാറുണ്ട്. ബഹ്റൈനിന്റെ ആതിഥ്യമര്യാദയുടേയും സഹിഷ്ണുതയുടേയും പ്രതിഫലനമാണത്. ആധുനിക സൗകര്യങ്ങളോടെ ക്ഷേത്രം വികസിക്കപ്പെടുമ്പോൾ അത് ഇന്ത്യക്കാർക്ക് മാത്രമല്ല ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രചോദകമാകും. 2019 ൽ എട്ട് ആഡംബര വിവാഹങ്ങൾക്ക് ബഹ്റൈൻ വേദിയായിരുന്നു. രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യവും ശാന്തമായ കടലും മറ്റ് ആധുനിക സൗകര്യങ്ങളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ്.ക്ഷേത്രം കൂടി ആധുനികമാകുന്നതോടെ വിവാഹച്ചടങ്ങുകൾക്കും രാജ്യം വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.