മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ മേയ് ഒന്നിന് അന്താരാഷ്ട്ര തൊഴിലാളി ദിനം സമുചിതമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചു.മേയ് ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈൻ ഫ്രീ ലേബർ യൂനിയൻസ് ഫെഡറേഷൻ (അൽ ഹർ), ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂനിയൻസ് (ജി.എഫ്.ബി.ടി.യു) എന്നിവയുടെ ആഭിമുഖ്യത്തിൽ യഥാക്രമം ഏപ്രിൽ 30, മേയ് ഒന്ന് തീയതികളിൽ രണ്ട് ചടങ്ങുകൾ നടക്കും.
രണ്ടു ചടങ്ങുകളിലും പങ്കെടുക്കാൻ തൊഴിൽമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനെ രാജാവ് നിയോഗിച്ചു. അൽ ഹറും ജി.എഫ്.ബി.ടി.യുവും നാമനിർദേശം ചെയ്യുന്ന മികച്ച തൊഴിലാളികളെ ചടങ്ങുകളിൽ തൊഴിൽമന്ത്രി ആദരിക്കും. രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുന്ന അധ്വാനശീലരായ തൊഴിലാളികളോടുള്ള രാജാവിന്റെ കരുതലിനെ മന്ത്രി ഹുമൈദാൻ പ്രശംസിച്ചു.
അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്കനുസരിച്ച് രാജ്യം നടത്തിയിട്ടുള്ള നിയമനിർമാണങ്ങൾ, തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പര്യാപ്തവുമാണെന്ന് അദ്ദേഹം പറഞ്ഞു.തൊഴിൽ വിപണിയുടെ സുസ്ഥിരതയും വളർച്ചയും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് തൊഴിൽ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങളും തൊഴിൽ സംബന്ധമായ രോഗങ്ങളും കുറക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സുരക്ഷിതമായതും മികച്ചതുമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ശ്രമിക്കുന്നു. ഇതിനായി തൊഴിൽ ഉടമകളുമായും തൊഴിലാളികളുമായും മികച്ച ബന്ധം നിലനിർത്താൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ മികച്ച തൊഴിൽ അന്തരീക്ഷം സംരംഭകരെ ആകർഷിക്കാനും സഹായകമായിട്ടുണ്ട്. വിവിധ ഉൽപാദന മേഖലകളിലെ തൊഴിലാളികളെ സർക്കാർ പ്രാധാന്യത്തോടെയാണ് കാണുന്നത്.അവരുടെ സംഭാവനകൾ പ്രശംസാർഹമാണ്. ബഹ്റൈനിലെ എല്ലാ തൊഴിലാളികളെയും അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
മനാമ: രാജ്യത്ത് തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് തൊഴിൽ മന്ത്രിയും ഒക്യുപേഷനൽ ആൻഡ് ഹെൽത്ത് കൗൺസിൽ ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു.2016 നും 2022 നും ഇടയിൽ വർക്ക്സൈറ്റുകളിലുണ്ടായ അപകടങ്ങളുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിൽ 28 ന് ജോലിസ്ഥലത്ത് സുരക്ഷിതത്വത്തിനും ആരോഗ്യത്തിനുമുള്ള ലോക ദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി ഈ പരാമർശങ്ങൾ നടത്തിയത്.
സുരക്ഷ ഇനിയും വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. ലോക നിലവാരത്തിലുള്ള സുരക്ഷ ഉപകരണങ്ങൾ നിർബന്ധമാക്കും. അപകടങ്ങൾക്കിടയാക്കാത്ത തരത്തിലുള്ള യന്ത്രങ്ങളൂം ഉപകരണങ്ങളുമായിരിക്കണം വർക് സൈറ്റുകളിൽ ഉപയോഗിക്കേണ്ടത്. തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്താൻ കമ്പനികൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.